'ലോകം കാണുന്നുണ്ട്'; ഡൽഹിയിൽ നാല് കിലോമീറ്ററിന് ആംബുലൻസ് വാടക 10,000 രൂപ!
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധ പിടിച്ചുകെട്ടാൻ ആരോഗ്യ-ഭരണ സംവിധാനവും പൊതുജനവും കിണഞ്ഞ് ശ്രമിക്കുകയാണ്. മെഡിക്കൽ ഓക്സിജന്റെയും ഐ.സി.യു കിടക്കകളുടെയും കുറവ് നിമിത്തം രാജ്യത്തിന്‍റെ പല ഭാഗത്തായി ജനങ്ങൾ കഷ്ടപ്പാടിലാണ്. ഈ കെട്ട കാലത്ത് മറ്റുള്ളവരെ സഹായിക്കുന്നതിന് പകരം ചൂഷണം ചെയ്യുന്ന ചിലരും നമുക്കിടയിലുണ്ടെന്ന സത്യം വിളിച്ചോതുകയാണ് രാജ്യതലസ്ഥാനത്തെ ചില സംഭവങ്ങൾ.
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സ സൗകര്യം ലഭ്യമാക്കാനുള്ള യാത്രക്ക് ഡൽഹിയിലെ ചില ആംബുലൻസ് ഡ്രൈവർമാർ ഭീമമായ തുക ഈടാക്കിയതായാണ് പരാതി. നാല് കിലോമീറ്ററിന് 10,000 രൂപയാണ് വാങ്ങിയത്. കഷ്ടപ്പാടിന്റെ സമയത്ത് ജനങ്ങളെ സേവിക്കുന്നതിന് പകരം അവരുടെ കീശ കാലിയാക്കുകയാണ് ആംബുലൻസ് സർവീസുകാർ ചെയ്യുന്നത്.
പിത്തംപുരയിൽ നിന്ന് ഫോർട്ടിസ് ആശുപത്രിയിലേക്കുള്ള നാല് കിലോമീറ്റർ ദൂരത്തിന് 10,000 രൂപ ഈടാക്കിയ ഡി.കെ ആംബുലൻസ് സർവീസസിന്‍റെ രസീത് പങ്കുെവച്ച് ഐ.പി.എസ് ഓഫീസറായ അരുൺ ബോത്ര ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു 'ലോകം നമ്മുടെ ധാർമിക മൂല്യങ്ങൾ കാണുന്നുണ്ട്'.
ഏപ്രിൽ 28ലെ ട്വിറ്റർ പോസ്റ്റ് ഇതിനോടകം 21,000 ത്തിലേറെയാളുകൾ റീട്വീറ്റ് ചെയതു. 63000 ത്തിലധികം ആളുകളാണ് ട്വീറ്റിന് ലൈക്കടിച്ചത്. വൈറലായ ട്വീറ്റിന്‍റെ ചുവടു പിടിച്ച് കോവിഡ് കാലത്ത് നടക്കുന്ന പിടിച്ചുപറികളെ കുറിച്ച് തുറന്നു പറച്ചിലുമായി കൂടുതൽ പേർ രംഗത്തു വന്നു.
രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങൾ ചെയ്തത് പോലെ ആംബുലൻസുകൾക്ക് കിലോമീറ്റർ ചാർജ് നിശ്ചയിക്കാൻ ഡൽഹി സർക്കാറിനോട് ആവശ്യപ്പെടുകയാണ് ജനങ്ങൾ ഇപ്പോൾ.
രാജസ്ഥാനിൽ വലിയ ആംബുലൻസുകൾക്ക് കിലോമീറ്ററിന് 17.50 രൂപയാണ് വാടക. ഡൽഹിയിൽ ആദ്യ അഞ്ച് കിലോമീറ്ററിന് 500 രൂപയും പിന്നീട് കിലോമീറ്ററിന് 50 മുതൽ 60 വരെയുമാണ് സാധാരണയായി ഈടാക്കി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.