'എത്ര കോടി ഭക്തർ കുളിച്ചാലും ഗംഗ മലിനമാവില്ല, മറ്റൊരു നദിക്കുമില്ലാത്ത ശുദ്ധീകരണ ശക്തിയുണ്ട്'; വിചിത്ര വാദവുമായി പ്രമുഖ ശാസ്ത്രജ്ഞൻ
text_fieldsപ്രയാഗ്‌രാജ്: മഹാകുംഭ വേളയിൽ 60 കോടിയിലധികം വരുന്ന ഭക്തർ സ്‌നാനം നടത്തിയിട്ടും ഗംഗ പവിത്രമായി തുടരുന്നുവെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ ഡോ.അജയ് സോങ്കർ. മറ്റൊരു നദിക്കുമില്ലാത്ത സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗയെന്നും എത്രകോടി ഭക്തർ കുളിച്ചാലും മലിനമാവില്ലെന്നും അജയ് സോങ്കർ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഗംഗ ജലത്തിൽ1,100 തരം ബാക്ടീരിയോഫേജുകൾ അടങ്ങിയിട്ടുണ്ട്. അവ സുരക്ഷാ ഗാർഡുകളെ പോലെ പ്രവർത്തിക്കുന്നു. ദോഷകരമായ ബാക്ടീരിയകളെ കൃത്യമായി തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യുന്നു.
ബാക്ടീരിയയേക്കാൾ 50 മടങ്ങ് ചെറുതാണെങ്കിലും ബാക്ടീരിയോഫേജുകൾക്ക് അവിശ്വസനീയമായ ശക്തിയുണ്ട്.
അവ ബാക്ടീരിയകളിൽ നുഴഞ്ഞുകയറുകയും അവയുടെ ആർ.എൻ.എ ഹാക്ക് ചെയ്യുകയും ഒടുവിൽ അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
സംശയമുള്ളവര്‍ക്ക് തന്റെ മുന്നില്‍ വെച്ച് ഗംഗാജലം പരിശോധിച്ച് തൃപ്തിപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും അസാധാരണമായ സ്വയം ശുദ്ധീകരണ ശക്തിയുള്ള ലോകത്തിലെ ഏക ശുദ്ധജല നദിയാണ് ഗംഗയെന്നും അജയ് സോങ്കര്‍ പറഞ്ഞുവയ്ക്കുന്നു.
കാൻസർ, ജനിതക കോഡ്, സെൽ ബയോളജി, ഓട്ടോഫാഗി എന്നിവയിൽ ആഗോള ഗവേഷകനാണ് ഡോ. സോങ്കർ. വാഗനിംഗൻ സർവകലാശാല, റൈസ് സർവകലാശാല, ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് മെഡിക്കൽ സ്കൂൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ഇദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.