'ആശുപത്രികൾ പണിയുന്ന ലോകത്തിലെ ഏറ്റവും മധുരമുള്ള തീവ്രവാദിയാണ് താൻ'; സ്വയം പ്രശംസിച്ച് കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: ഭിന്നിപ്പിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്ന ബി.ജെ.പിയുടെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പിയുടെ ആരോപണങ്ങളെല്ലാം തന്നെ ചിരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂളുകൾ, ആശുപത്രികൾ, റോഡുകൾ, വെള്ളം എന്നിവ നൽകുന്ന ലോകത്തിലെ ഏറ്റവും മധുരമുള്ള തീവ്രവാദി താനായിരിക്കുമെന്ന് കെജ്‌രിവാൾ സ്വയം പ്രശംസിക്കുകയും ചെയ്തു.
ഡൽഹി മുഖ്യമന്ത്രി ഖലിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന തരത്തിൽ എ.എ.പി മുൻ നേതാവ് കുമാർ വിശ്വാസിന്റെ വീഡിയോ കോൺഗ്രസും ബി.ജെ.പിയും ചേർന്ന് രാഷ്ട്രീയ ആയുധമാക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. കോൺഗ്രസും ബി.ജെ.പിയും തനിക്കെതിരെ സംഘടിച്ച് തീവ്രവാദിയാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച അദ്ദേഹം, എന്തു കൊണ്ടാണ് പ്രധാനമന്ത്രി തന്നെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാത്തതെന്നും ചോദിച്ചു.
തന്നെ തീവ്രവാദിയായി മുദ്രകുത്തി, താൻ രാജ്യത്തെ രണ്ടായി വിഭജിച്ചിക്കുമെന്നും അതിൽ ഒരു ഭാഗത്തിന്‍റെ പ്രധാനമന്ത്രി ആകാനാണ് ആഗ്രഹിക്കുന്നതെന്നും പ്രചരിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടി രാജ്യസുരക്ഷയെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന് കെജ്രിവാൾ ആരോപിച്ചു.
രണ്ട് തരം തീവ്രവാദികളാണുള്ളത്. ഒരു വിഭാഗം ആളുകൾക്കിടയിൽ ഭയം പരത്തുമ്പോൾ മറ്റൊരു വിഭാഗം അഴിമതിക്കാർക്കിടയിൽ ഭയം പരത്തുന്നതായി കെജ്‌രിവാൾ പരിഹസിച്ചു. അഴിമതിക്കാർക്കെല്ലാം ഉറക്കം നഷ്ടമായി തുടങ്ങിയതോടെ എല്ലാവരും കൂട്ടത്തോടെ തനിക്കെതിരെ ഒരുമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
100 വർഷം മുമ്പ് സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിനെ എല്ലാവരും തീവ്രവാദിയെന്ന് വിളിച്ചിരുന്നെന്നും വർഷങ്ങൾക്കിപ്പുറം ഭഗത് സിങ്ങിന്‍റെ അനുയായിയായ തന്നെയും തീവ്രവാദിയാക്കാൻ ശ്രമിക്കുന്നതായും കെജ്‌രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.