ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട് -വരുൺഗാന്ധി
text_fieldsലഖ്നോ: ഇന്ത്യയിൽ വർധിച്ചുവരുന്ന തൊഴിൽക്ഷാമത്തിൽ പ്രതികരിച്ച് ബി.ജെ.പി എം.പി വരുൺഗാന്ധി. രാജ്യത്ത് 1.5 കോടി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും തൊഴിൽരഹിതരായ യുവാക്കൾ വെറും വയറുമായി രാജ്യത്ത് അലഞ്ഞുതിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് തൊഴിലില്ലാത്തവർക്ക് അടുത്തതായി എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും തൊഴിലില്ലായ്മ ഇനിയും വർധിക്കാനാണ് സാധ്യതയെന്നും സ്വന്തം പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ച് വരുൺഗാന്ധി കൂട്ടിച്ചേർത്തു.
തൊഴിലിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയാണ് പോരാടേണ്ടതെന്നും എല്ലാവർക്കും തുല്യ സാമ്പത്തിക അവസരങ്ങൾ നൽകാനാണ് ഭരണഘടന അനുശാസിക്കുന്നതെന്നും വരുൺഗാന്ധി ചൂണ്ടിക്കാട്ടി. ആർക്കും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലുകൾ കിട്ടുകയോ ബാങ്ക് അക്കൗണ്ടിൽ പണം ലഭിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഉപകരണമാണ് രാഷ്ട്രീയമെന്ന് വരുൺഗാന്ധി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളും നേതാക്കളും അവരുടെ സ്പർദ്ധ ഉപേക്ഷിച്ച് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കണം. പ്രസംഗങ്ങൾ കൊണ്ടല്ല രാജ്യത്തിന്റെ ഭാവിയെ വാർത്തെടുക്കേണ്ടതെന്നും പകരം രാജ്യത്തിനായുള്ള യഥാർത്ഥ സേവനത്തിലൂടെയാണ് സർക്കാർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.