സുപ്രീംകോടതിയിൽ ഒരു വനിത ജഡ്ജി മാത്രമേയുള്ളൂവെന്നത് ആശങ്കാജനകം, ആത്മപരിശോധന വേണം -ജസ്റ്റിസ് ചന്ദ്രചൂഢ്
text_fieldsന്യൂഡൽഹി: രാജ്യത്തെ പരമോന്നത കോടതിയിൽ നിലവിൽ ഒരേയൊരു വനിത ജഡ്ജി മാത്രമേയുള്ളൂവെന്ന കാര്യം ആശങ്കാജനകമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ഇക്കാര്യത്തിൽ ഗൗരവകരമായ ആത്മപരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി യങ് ലോയേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്.
'ജസ്റ്റിസ് മൽഹോത്രയുടെ വിരമിക്കലോടെ സുപ്രീംകോടതിയിൽ ഇപ്പോൾ ഒരു വനിതാ ജഡ്ജി മാത്രമേ ബെഞ്ചിൽ ഉള്ളൂ. ഒരു സ്ഥാപനം എന്ന നിലയിൽ, ഇത് വളരെയധികം ആശങ്കാജനകമായ ഒരു വസ്തുതയാണ്. ഗൗരവകരമായ ആത്മപരിശോധന ഉടൻ സ്വീകരിക്കേണ്ടതുണ്ട്.
ഇന്ത്യക്കാരുടെ നിത്യജീവിതത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കുന്ന സ്ഥാപനമെന്ന നിലയിൽ കോടതികൾ നല്ല നിലയിൽ പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ വൈവിധ്യം നീതിന്യായ വ്യവസ്ഥയിലും പ്രതിഫലിക്കണം. അത് കാഴ്ചപ്പാടുകളുടെ വൈവിധ്യം ഉറപ്പാക്കും. പൊതുസമൂഹത്തിൽ കൂടുതൽ വിശ്വാസം ഉറപ്പാക്കും -ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.
മാർച്ച് 13നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിരമിച്ചത്. ഇതോടെ, ജസ്റ്റിസ് ഇന്ദിര ബാനർജി മാത്രമാകും സുപ്രീംകോടതി ബെഞ്ചിലെ ഏക വനിത അംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.