ബ്രിജ് ഭൂഷണിനെതിരായ തുടർസമരത്തിന് ഉപദേശക സമിതികൾ രൂപവത്കരിച്ച് ഗുസ്തി താരങ്ങൾ
text_fieldsന്യൂഡൽഹി: ലൈംഗികാരോപണ വിധേയനായ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി ജന്തർമന്തറിൽ നടക്കുന്ന സമരത്തിന്‍റെ ഭാവി തീരുമാനിക്കുന്നതിന് ഉൾപ്പെടെ ഗുസ്തി താരങ്ങൾ രണ്ട് ഉപദേശക സമിതികൾ രൂപവത്കരിച്ചു.
ലൈംഗിക പരാതിയിലെ ഇടപെടൽ സുപ്രീംകോടതി അവസാനിപ്പിച്ച സാഹചര്യത്തിൽ തുടർസമരം ചർച്ച ചെയ്യാൻ ഗുസ്തി താരങ്ങൾ ശനിയാഴ്ച വിളിച്ച യോഗത്തിലാണ് സമര ഭാവി തീരുമാനിക്കാൻ 31 അംഗ സമിതിയും ഗുസ്തി മത്സരം സംബന്ധിച്ച് തീരുമാനം എടുക്കാൻ ഒമ്പതംഗ സമിതിയും രൂപവത്കരിച്ചത്. കമ്മിറ്റിയുടെ നിയമോപദേശം അനുസരിച്ച് തുടർസമരം നടത്തുമെന്ന് സമരത്തിന് നേതൃത്വം നൽകുന്നവരിലൊരാളായ ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്റങ് പുനിയ പറഞ്ഞു.
അതിനിടെ, ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരായ പ്രായപൂർത്തിയാകാത്ത കായിക താരം ഉൾപ്പെടെ അഞ്ചുപേരുടെ മൊഴി രേഖപ്പെടുത്തി. ഗുരുതര ആരോപണങ്ങളാണ് താരങ്ങൾ നൽകിയ മൊഴിയിലുള്ളത്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ ശരീരഭാഗങ്ങളില്‍ സ്‌പര്‍ശിച്ചു. ഗുസ്തി ഫെഡറേഷനിൽ ഇയാളുടെ സ്വാധീനവും തങ്ങളുടെ കരിയര്‍ നശിപ്പിക്കുമെന്ന ഭയവും മൂലമാണ് ഇതിനെ കുറിച്ച് മുമ്പ് പറയാതിരുന്നത്. ഗുസ്തി ഫെഡറേഷന്‍ ഓഫിസ്, പരിശീലന കേന്ദ്രം തുടങ്ങിയ ഇടങ്ങളിലായി എട്ടു തവണ ലൈംഗികാതിക്രമം ഉണ്ടായെന്നുമാണ് പരാതിക്കാരിയായ താരം നൽകിയ മൊഴി.
അഞ്ച് തവണ തനിക്കെതിരെ ലൈംഗികാതിക്രമം നടന്നെന്ന് മറ്റൊരു ഗുസ്തി താരം നൽകിയ മൊഴിയിൽ പറയുന്നു. 2016ൽ ടൂര്‍ണമെന്‍റിന്‍റെ റസ്റ്റാറന്‍റിൽ ടേബിളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം ഇയാൾ മാറിടത്തിലും വയറിലും സ്പര്‍ശിച്ചു. നിരന്തരം ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചു എന്നും മൊഴിയിൽ പറയുന്നു.
എന്നാൽ, പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിട്ടും പൊലീസ് ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്‌തിട്ടില്ല. പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരാതിക്കാരുടെ മൊഴിമാത്രമെടുത്ത പൊലീസ്, പ്രാഥമികാന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.