‘പിടികൂടാൻ പുരുഷ പൊലീസുകാർ; പറ്റില്ലെന്നു പറഞ്ഞപ്പോൾ വനിത പൊലീസുമായെത്തി’
text_fieldsന്യൂഡൽഹി: വരുന്നവരെയെല്ലാം പിടിച്ചുകൊണ്ടുപോയി ഡൽഹി അതിർത്തികളിലെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കരുതൽ തടങ്കലിലാക്കിയശേഷമാണ് സമാധാനപരമായി സമരം ചെയ്യുകയായിരുന്ന വനിത ഗുസ്തി താരങ്ങളെ മനുഷ്യത്വ രഹിതമായി ബലംപ്രയോഗിച്ച് ജന്തർമന്തറിൽ നിന്ന് എടുത്തുമാറ്റിയതെന്ന് മലയാളി ആക്ടിവിസ്റ്റും നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എൻ.എഫ്.ഐ.ഡബ്ല്യു) ജനറൽ സെക്രട്ടറിയുമായ ആനി രാജ. ഗുസ്തി താരങ്ങളുടെ മഹിള മഹാ പഞ്ചായത്തിന് പിന്തുണയർപ്പിച്ച് ജന്തർമന്തറിലേക്ക് പോകുകയായിരുന്ന തങ്ങളെ പിടികൂടാൻ വളഞ്ഞത് പുരുഷ പൊലീസുകാരായിരുന്നുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് അവർ വനിത പൊലീസുമായെത്തിയതെന്നും ആനിരാജ ‘മാധ്യമ’ത്തോടു പറഞ്ഞു. ആനി രാജയടക്കമുള്ളവരെ രാവിലെ പിടികൂടി ഡൽഹി അതിർത്തിയായ കാപസ്ഹേഡയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വൈകുംവരെ കരുതൽ തടങ്കലിലാക്കി.
പട്ടേൽ ചൗക്കിൽനിന്നും ജന്തർമന്തറിലേക്കുള്ള പ്രവേശന മാർഗം ബാരിക്കേഡ് നിരത്തി തടഞ്ഞതിനാൽ റഫി മാർഗിലെ വിത്തൽ ഭായ് പട്ടേൽ ഹൗസിൽനിന്ന് രാവിലെ 9.30ന് പാർലമെന്റ് സ്ട്രീറ്റ് വഴി നടന്നുപോകുകയായിരുന്നു താനെന്ന് ആനി രാജ പറഞ്ഞു. കൂെട അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രസിഡന്റ് മൈമൂനയുമുണ്ടായിരുന്നു. വൈ.ഡബ്ല്യു.സി.എക്ക് മുന്നിലെത്തിയപ്പോഴേക്കും പുരുഷ പൊലീസുകാർ തങ്ങളെ വളഞ്ഞു. കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റാൻ തുനിഞ്ഞപ്പോൾ സ്ത്രീകളാണെന്നും തൊടാൻ പറ്റില്ലെന്നും പറഞ്ഞു.
തുടർന്ന് ജന്തർമന്തറിൽ വിന്യസിച്ച വനിത പൊലീസുകാരെ വിളിച്ചുവരുത്തി തങ്ങളെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പാർലമെന്റ് ഉദ്ഘാടന ചടങ്ങ് കഴിഞ്ഞിട്ടും വിട്ടയക്കാത്തതെന്താണെന്ന് ചോദിച്ചപ്പോൾ വൈകീട്ട് ഏഴു മണി വരെ സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വെക്കാനാണ് ഉത്തരവ് എന്നാണ് മറുപടി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.