ഒളിമ്പിക് മെഡൽ ഒഹായോ നദിയിലെറിഞ്ഞ മുഹമ്മദ് അലിയെ ഓർമിപ്പിച്ച് ഗംഗാതീരം
text_fieldsന്യൂഡൽഹി: കടുത്ത വംശവെറിയിൽ മനംനൊന്ത് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ എന്ന കറുത്ത വർഗക്കാരനായ ഗുസ്തിതാരം ഒളിമ്പിക് സ്വർണ മെഡൽ ഒഹായോ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ വൈകാരിക മുഹൂർത്തത്തിന് സമാനമായിരുന്നു ഹരിദ്വാറിൽ ചൊവ്വാഴ്ച കണ്ടത്. വംശവെറിക്ക് പേരുകേട്ട യു.എസ് സംസ്ഥാനമായ കെന്റക്കിയിലെ ലൂയിവില്ലിയിൽ 18കാരൻ നടത്തിയ അറ്റകൈ ചരിത്രത്തിലെ കറുത്ത ഏടായി ഇപ്പോഴുമുണ്ട്. രാജ്യത്തെ വാനോളമുയർത്തി 1960ലെ റോം ഒളിമ്പിക്സിൽ സ്വർണം നേടി തിരിച്ചെത്തിയിട്ടും കറുത്ത വംശജനായതിന്റെ പേരിൽ നാട്ടിലെ ഹോട്ടലിൽ ഭക്ഷണം നിഷേധിക്കപ്പെട്ടപ്പോഴായിരുന്നു സെക്കൻഡ് സ്ട്രീറ്റ് പാലത്തിലെത്തി മെഡൽ കഴുത്തിൽനിന്ന് ഊരി പുഴയിലെറിയുന്നത്. ഇതുകൊണ്ടും തനിക്ക് നീതിയില്ലെങ്കിൽ പിന്നെയെന്തിന് സൂക്ഷിച്ചുവെക്കണമെന്നായിരുന്നു കൗമാരം പിന്നിടാത്ത ബോക്സിങ് ഇതിഹാസത്തിന്റെ മനസ്സ്.
ഇളമുറക്കാരനായി ഒളിമ്പിക്സിനെത്തിയ കാഷ്യസ് ക്ലേ ശരിക്കും ലോകത്തെ ഞെട്ടിച്ചായിരുന്നു മെഡൽ നേടിയിരുന്നത്. എട്ടുവയസ്സ് മൂത്ത, കരുത്തനായ എതിരാളി സിഗ്സി പീട്രിക്കോവ്സ്കിയായിരുന്നു ഫൈനലിൽ എതിരാളി. അതിവേഗ പഞ്ചുകളുമായി അവസരമേതും നൽകാതെ ആധികാരികമായി ജയം പിടിച്ച കാഷ്യസ് ക്ലേ ബോക്സിങ് റിങ്ങിൽ ചരിത്രപ്പിറവി കുറിക്കുകയായിരുന്നു. എന്നാൽ, സന്തോഷത്തോടെ തിരിച്ച് നാട്ടിലെത്തിയപ്പോൾ സ്വീകരിക്കേണ്ട നാട് ‘ഒളിമ്പിക് നീഗ്രോ’ എന്ന വിളിപ്പേര് നൽകി പിന്നെയും അപമാനിച്ചു. അതോടെയാണ് നിരാശ മൂത്ത് മെഡൽ പുഴയിലെറിഞ്ഞത്. നാലുവർഷം കഴിഞ്ഞ് 1964ലാണ് കാഷ്യസ് ക്ലേ ഇസ്ലാംമതം സ്വീകരിച്ച് മുഹമ്മദലിയാകുന്നത്. ഈ പേരിലാണ് പിന്നെ ഇതിഹാസതാരം ചരിത്രത്തിൽ ഇടംനേടിയത്. മെഡൽ ഒഹായോ നദിയിലെറിഞ്ഞ വാർത്ത ലോകമറിഞ്ഞതോടെ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷനായിരുന്ന യുവാൻ അന്റോണിയോ സാമരാഞ്ച് 1996ൽ പകരം അദ്ദേഹത്തിന് മെഡൽ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.