ബ്രിജ് ഭൂഷൺ മാറി നിൽക്കും; ഗുസ്തി താരങ്ങൾ സമരം നിർത്തി
text_fieldsന്യൂഡല്‍ഹി: ലൈംഗിക ആരോപണവിധേയനായ ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെ പുറത്താക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങൾ നടത്തിവന്ന സമരം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിപ്പിച്ചു. തങ്ങളുടെ പരാതികൾ പരിഹരിക്കുമെന്ന് സർക്കാറിൽ നിന്ന് ലഭിച്ച ഉറപ്പിനെ തുടർന്നാണ് താരങ്ങൾ സമരം അവസാനിപ്പിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെ മാറ്റി നിർത്തി അന്വേഷണം നടത്തുമെന്നതടക്കമുള്ള ഉറപ്പ്, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ രണ്ടാംവട്ട ചർച്ചയിൽ സമരക്കാർക്ക് ലഭിച്ചു. പ്രധാന താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മലിക്ക്, രവി ദാഹിയ എന്നിവരടക്കം സമരം അവസാനിപ്പിച്ചു.
‘‘ഗുസ്തി ഫെഡറേഷനും തലവനുമെതിരെ ഉയർന്ന ലൈംഗിക അതിക്രമ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. നാലാഴ്ചക്കുള്ളിൽ സമിതി അന്വേഷണം പൂർത്തിയാക്കും. അന്വേഷണം പൂർത്തിയാകുംവരെ ബ്രിജ് ഭൂഷൺ ശരണ്‍ സിങ് മാറിനിന്ന് അന്വേഷണവുമായി സഹകരിക്കും. ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ പുതിയ സമിതി നിർവഹിക്കും’’ -മന്ത്രി അനുരാഗ് താക്കൂർ ന്യൂഡൽഹിയിൽ അറിയിച്ചു.
ബുധനാഴ്ച ഡൽഹി ജന്തർമന്തറിൽ ആരംഭിച്ച സമരം മൂന്നു ദിവസം പിന്നിട്ട് കരുത്താർജിച്ചപ്പോഴാണ് സർക്കാർ വഴങ്ങിയത്. സമരത്തിലേക്ക് ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നായി കൂടുതൽ കായിക താരങ്ങൾ എത്ത്യിരുന്നു.
ബ്രിജ് ഭൂഷനെതിരായ ആരോപണം അന്വേഷിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) ഏഴംഗ സമിതി രുപവത്കരിച്ചിട്ടുമുണ്ട്. മേരികോം, ഡോള ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹ്ദേവ് യാദവ് തുടങ്ങിയവർ അന്വേഷണ സമിതിയിൽ അംഗങ്ങളാണ്. അന്വേഷണം വേണമെന്ന് വനിത താരങ്ങൾ ഐ.ഒ.എ പ്രസിഡണ്ട് പി.ടി ഉഷയോട് ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാകുറുമായി നടത്തിയ ആദ്യ വട്ട ചർച്ച പരാജയപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പരിഹാരമായി നിര്‍ദേശിക്കുന്ന പലതിലും തൃപ്തിയില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അപ്പോൾ വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ കരിയര്‍തന്നെ അപകടത്തിലാക്കി പ്രതിഷേധത്തിന് ഇറങ്ങിയത് പ്രശ്നത്തിൽ ഗൗരവം ഉൾക്കൊണ്ടാണ്. നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷക്ക് സമരക്കാർ പരാതി നൽകിയിട്ടുണ്ട്.
ബ്രിജ്ഭൂഷനിൽനിന്നും മറ്റു പരിശീലകരില്‍നിന്നും പീഡനം ഏറ്റുവാങ്ങേണ്ടി വന്നവരുടെ പേരുകള്‍ ഒളിമ്പിക്സ് അസോസിയേഷന് കമ്മിറ്റിക്കു മുന്നില്‍ വെളിപ്പെടുത്തുമെന്നും സമരക്കാർ ആരോപിച്ചു.
അതേസമയം, ആരോപണം രാഷ്ട്രീയപരമാണെന്നും രാജിവെക്കില്ലെന്നുമാണ് ബ്രിജ് ഭൂഷൺ വെള്ളിയാഴ്ച രാവിലെ വ്യക്തമാക്കിയത്. ശഹീൻബാഗ് മോഡൽ സമരമാണെന്നും അദ്ദേഹം ആരോപിച്ചു.
ലൈംഗിക ആരോപണം മുതല്‍ ശാരീരിക ഉപദ്രവം വരെയുള്ള ഗുരുതര കുറ്റങ്ങളാണ് ഫെഡറേഷന് തലവനെതിരെ കായികതാരങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ലഖ്നോവിലെ ദേശീയ ക്യാമ്പിൽ പങ്കെടുക്കേണ്ട നിരവധി വനിത കായികതാരങ്ങൾ അവിടുത്തെ അന്തരീക്ഷം ഭയാനകമാണെന്ന് പറഞ്ഞ് മുതിർന്ന താരങ്ങളെ അറിയിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.