ബ്രിജ് ഭൂഷന്റെ ശക്തി പ്രകടനത്തിനായി തിങ്കളാഴ്ച നടത്താനിരുന്ന അയോധ്യാറാലി റദ്ദാക്കി
text_fieldsന്യൂഡൽഹി: ബി.ജെ.പി എം.പിയും റസ്‍ലിങ് ഫെഡറേഷൻ പ്രസിഡൻറുമായ ബ്രിജ് ഭൂഷൻ സിങ് ശക്തി പ്രകടനത്തിനായി അയോധ്യയിൽ സംഘടിപ്പിക്കാനിരുന്ന റാലി റദ്ദാക്കി. തനിക്കെതിരായ കുറ്റങ്ങളിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ റാലി കുറച്ചു ദിവസത്തേക്ക് നീട്ടിവെക്കുകയാണെന്ന് ബ്രിജ് ഭൂഷൻ വ്യക്തമാക്കി. അതേസമയം, തിങ്കളാഴ്ച അയോധ്യയിൽ നടത്താനിരുന്ന റാലിക്ക് അനുമതി ലഭിച്ചില്ലെന്നും തുടർന്നാണ് റദ്ദാക്കിയതെന്നും ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്തു.
ലക്ഷക്കണക്കിന് സന്യാസിമാരുടെ അനുഗ്രഹത്തോടെ തിങ്കളാഴ്ച റാലിയെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ബ്രിജ് ഭൂഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ബ്രിജ് ഭൂഷനെതിരായ എഫ്.ഐ.ആർ വിവരങ്ങൾ പുറത്തായതിനു പിന്നാലെയാണ് റാലി നീട്ടിവെക്കുന്നുവെന്ന പ്രഖ്യാപനം വന്നത്.
തനിക്കെതിരായ കുറ്റരോപണം തെറ്റാണെന്നും രാഷ്ട്രീയ എതിരാളികളുടെ പരിശ്രമമാണിതെന്നുമാണ് ബ്രിജ് ഭൂഷൻ ആരോപിച്ചിരിക്കുന്നത്. ‘28 വർഷമായി നിങ്ങളുടെ പിന്തുണയോടെ ലോക്സഭംഗമാണ്. എല്ലാ ജാതി മത വിഭാഗങ്ങളിലെയും ജനങ്ങളെ ഒന്നിപ്പിക്കാൻ വേണ്ടി മാത്രമാണ് അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ശ്രമിച്ചത്. ഇതെല്ലാം കൊണ്ടാണ് എന്റെ രാഷ്ട്രീയ എതിരാളികളും അവരുടെ പാർട്ടികളും എന്നെ വ്യാജമായി പ്രതിയാക്കിയത്.
നിലവിലെ സാഹചര്യത്തിൽ ചില രാഷ്ട്രീയ പാർട്ടികൾ പ്രാദേശിക വാദം ഉയർത്തി സാമൂഹിക ഐക്യം തകർക്കാൻ ശ്രമിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ റാലികൾക്കിടെ വംശീയാക്രമണങ്ങൾ അരങ്ങേറുന്നു. ഈ വിഷം സമൂഹത്തിൽ പടരുന്നതിനാലാണ് ജൂൺ അഞ്ചിന് അയോധ്യയിൽ പുരോഹിത സമ്മേളനം നടത്താനിരുന്നത്. എന്നാൽ ഇപ്പോൾ തനിക്കെതിരായ കുറ്റങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ, സുപ്രീംകോടതിയിൽ നിന്നുള്ള ഗൗരവമേറിയ നിർദേശങ്ങളും കണക്കിലെടുത്ത് ‘ജൻ ചേതനാ മഹാറാലി, ലെറ്റ്സ് ഗോ ടു അയോധ്യ’ പദ്ധതി കുറച്ചു ദിവസത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.’ - ബ്രിജ് ഭൂഷൻ പ്രസ്താവനയിൽ അറിയിച്ചു.
രണ്ട് എഫ്.ഐ.ആറുകളിലായി ബ്രിജ് ഭൂഷനെതിരെ ഗുരുതര കുറ്റങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ ശരിയല്ലാത്ത രീതിയിൽ സ്പർശിച്ചുവെന്നും ലൈംഗികമായി വഴങ്ങാനാവശ്യപ്പെട്ടുവെന്നതുമുൾപ്പെടെ നിരവധി ആരോപണങ്ങളാണ് 10 പരാതികളിലായി ബ്രിജ് ഭൂഷനെതിരെ ഉന്നയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.