‘ബ്രിജ്ഭൂഷണിന്റെ കാൽനക്കിയായ നിങ്ങളെ ഗുസ്തി ലോകം മറക്കില്ല യോഗേശ്വർ’; കടുത്ത മറുപടിയുമായി വിനേഷ് ഫോഗട്ട്
text_fieldsന്യൂഡൽഹി: വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ, സാക്ഷി മലിക്, സംഗീത ഫോഗട്ട് എന്നിവരടക്കം ആറു പ്രമുഖ ഗുസ്തി താരങ്ങളെ ആഗസ്തിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിൽ ഇളവുകളോടെ പങ്കെടുക്കാൻ അനുവദിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക് പാനലിന്റെ തീരുമാനത്തിനെതിരെ ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. ലൈംഗിക പീഡനാരോപണം നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ്ഭൂഷണിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരത്തിലേർപ്പെടുന്ന കായിക താരങ്ങൾക്കാണ് ട്രയൽസിൽ പങ്കെടുക്കാൻ അഡ്ഹോക് കമ്മിറ്റി അനുമതി നൽകിയത്. ട്രയൽസിൽ പങ്കെടുക്കാൻ ഇവരേക്കാൾ യോഗ്യതയുള്ള താരങ്ങൾ ഉണ്ടെന്നും അവരെ അനുവദിക്കാതെ സമരം ചെയ്യുന്ന താരങ്ങൾക്ക് അനുമതി നൽകിയത് തെറ്റാണെന്നും ബി.ജെ.പി സഹയാത്രികനായ യോഗേശ്വർ വെള്ളിയാഴ്ച രാവിലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, മണിക്കൂറുകൾക്കകം ഈ പ്രസ്താവനക്ക് മുനകൂർത്ത മറുപടിയുമായി വിനേഷ് ഫോഗട്ട് രംഗത്തെത്തി. ‘ബ്രിജ്ഭൂഷണിന്റെ കുഴലൂത്തുകാരനായ നിങ്ങൾ നട്ടെല്ല് അയാൾക്ക് പണയംവെച്ചിരിക്കുകയാണ്. നിങ്ങൾ ഇത്തരത്തിൽ ബ്രിജ്ഭൂഷണിന്റെ കാൽനക്കിയായി മാറിയത് ഗുസ്തി ലോകം എക്കാലവും ഓർമിക്കുമെന്നും യോഗേശ്വറിനെ കടന്നാക്രമിച്ചെഴുതിയ കുറിപ്പിൽ വിനേഷ് ഫോഗട്ട് ചൂണ്ടിക്കാട്ടി.
‘യോഗേശ്വർ ദത്തിന്റെ വിഡിയോ കേട്ട സമയത്ത് അയാളുടെ വൃത്തികെട്ട ചിരിയാണ് എന്റെ മനസ്സിൽ പതിഞ്ഞത്. വനിതാ ഗുസ്തിക്കാർക്കായി രൂപവത്കരിച്ച രണ്ട് കമ്മിറ്റികളിലും യോഗേശ്വർ ഉണ്ടായിരുന്നു. കമ്മിറ്റിക്ക് മുമ്പാകെ വനിതാ ഗുസ്തിക്കാർ ദുരനുഭവങ്ങൾ വിവരിക്കുമ്പോൾ അയാൾ വളരെ മോശമായി ചിരിക്കുമായിരുന്നു. ഇതിടെ രണ്ട് വനിതാ ഗുസ്തി താരങ്ങൾ വെള്ളം കുടിക്കാനായി പുറത്തിറങ്ങിയപ്പോൾ, അവർക്കുപിന്നാലെയെത്തിയ യോഗേശ്വർ താരങ്ങളോട് പറഞ്ഞത് ബ്രിജ്ഭൂഷണിന് ഒരുചുക്കും സംഭവിക്കില്ലെന്നായിരുന്നു.
‘ഇതെല്ലാം മാഞ്ഞുപോകും, ഒന്നും വലിയ പ്രശ്നമാക്കാൻ നിൽക്കേണ്ട. നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിക്കുക’ എന്നായിരുന്നു മറ്റൊരു വനിതാ ഗുസ്തി താരത്തോട് വളരെ പരിഹാസ്യമായ രീതിയിൽ പറഞ്ഞത്. കമ്മിറ്റിയിലെ കൂടിക്കാഴ്ചക്കുശേഷം വനിതാ ഗുസ്തി താരങ്ങളുടെ പേരുകൾ അയാൾ ബ്രിജ്ഭൂഷണിനും മാധ്യമങ്ങൾക്കും ചോർത്തി നൽകി. പല വനിതാ ഗുസ്തിതാരങ്ങളുടെയും വീടുകളിൽ വിളിച്ചു. എന്നിട്ട് അവരുടെ കുട്ടിയെ പറഞ്ഞു മനസിലാക്കി കൊടുക്കാൻ ഉപദേശിച്ചു. വനിതാ ഗുസ്തിക്കാർക്കെതിരെ പരസ്യമായി മൊഴി നൽകിയിരുന്നയാളാണെങ്കിലും രണ്ട് കമ്മിറ്റികളിലും അയാളെ നിലനിർത്തി. ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ പങ്കുചേരുന്നതിൽ നിന്ന് താരങ്ങളെയും പരിശീലകരെയും യോഗേശ്വർ നിരന്തരം തടഞ്ഞു. ബ്രിജ്ഭൂഷനൊപ്പംനിന്ന് അയാൾ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഗുസ്തി ലോകം മുഴുവൻ മനസ്സിലാക്കിയിട്ടുണ്ട്.
സമൂഹത്തിലെ അനീതിക്കെതിരെ ആരെങ്കിലും ശബ്ദം ഉയർത്തിയാൽ യോഗേശ്വർ അവർക്കെതിരെ തിരിയും. നേരത്തെ കർഷകർ, ജവാന്മാർ, വിദ്യാർഥികൾ, മുസ്‍ലിംകൾ, സിഖുകാർ എന്നിവരെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇപ്പോൾ വനിതാ ഗുസ്തി താരങ്ങളെ അപകീർത്തിപ്പെടുത്തുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. സമൂഹത്തെ ഒറ്റുകൊടുത്തതിനാൽ തെരഞ്ഞെടുപ്പിൽ രണ്ടുതവണ നിങ്ങൾ മുഖമടച്ച് വീണിട്ടുണ്ട്. ജീവിതത്തിൽ ഇനിയുള്ള കാലത്തും ഒരു തെരഞ്ഞെടുപ്പിലും നിങ്ങൾ വിജയിക്കില്ലെന്ന് ഞാൻ വെല്ലുവിളിക്കുന്നു. കാരണം, സമൂഹം എല്ലായ്പോഴും വിഷപ്പാമ്പുകൾക്കെതിരെ കരുതലുള്ളവരാണ്. അതിനെ കാലുകുത്തിയുയരാൻ ഒരിക്കലും അനുവദിക്കാറില്ല.
നിങ്ങൾ ബ്രിജ്ഭൂഷണിന്റെ കാൽനക്കിയത് ഗുസ്തി ലോകം എല്ലാ കാലത്തും ഓർക്കും. വനിതാ ഗുസ്തിക്കാരെ തകർക്കാൻ വളരെയധികം ശക്തി ഉപയോഗിക്കരുതെന്നേ പറയാനുള്ളൂ. കാരണം, അവർക്ക് വളരെ ശക്തമായ ഉദ്ദേശ്യങ്ങളുണ്ട്. ബ്രിജ്ഭൂഷണിന്റെ കുഴലൂത്തുകാരനായ നിങ്ങൾ നട്ടെല്ല് അയാൾക്ക് പണയംവെച്ചിരിക്കുകയാണ്. നിങ്ങൾ വളരെ നിർവികാരനായൊരു വ്യക്തിയാണ്. അടിച്ചമർത്തുന്നവന്റെ അനുകൂലിയായി നിന്നുകൊണ്ട് നിങ്ങൾ അയാളെ സ്തുതിക്കുകയാണ്’ -വിനേഷ് ഫോഗട്ട് ട്വീറ്റിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.