ജ്വല്ലറി ഉടമ മറാത്തി സംസാരിക്കാൻ വിസമ്മതിച്ചു; ഇറങ്ങിപ്പോകാൻ ഭീഷണി; 20 മണിക്കൂർ കുത്തിയിരുന്ന് പ്രതിഷേധിച്ച് എഴുത്തുകാരി
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ മറാത്തി ഭാഷയില്‍ സംസാരിക്കാന്‍ ജ്വല്ലറി ഉടമ തയാറായില്ലെന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും ആരോപിച്ച് മറാത്തി എഴുത്തുകാരി ശോഭ ദേശ്പാണ്ഡെ 20 മണിക്കൂര്‍ പ്രതിഷേധിച്ചു. ജ്വല്ലറി ഉടമ മാപ്പുപറയമെന്നവശ്യപ്പെട്ട് ശോഭ ദേശ്പാണ്ഡെ 20 മണിക്കൂർ ജ്വല്ലറിക്ക് മുന്‍പില്‍ നടപ്പാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി മുഴുവന്‍ എഴുത്തുകാരി പ്രതിഷേധിച്ചതോടെ, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പിന്തുണയുമായി രംഗത്തുവന്നു. സംഭവം വിവാദമായതോടെ ജ്വല്ലറി ഉടമ ശങ്കര്‍ലാല്‍ ജെയ്ന്‍ ശോഭ ദേശ്പാണ്ഡെയോട് മാപ്പുപറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് എഴുത്തുകാരിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി വസതിയിലെത്തിച്ചു.
ദക്ഷിണ മുംബൈയിലെ കൊളാബയിലെ മഹാവീർ ജ്വല്ലറിയില്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് ശോഭ ദേശ്പാണ്ഡെ പറയുന്നു. കമ്മല്‍ വാങ്ങാനാണ് കടയില്‍ പോയത്. സംസാരത്തിനിടെ, ജ്വല്ലറിക്കാരനോട് മറാത്തിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ഭാഷ മറാത്തിയായത് കൊണ്ട് അത് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് മറാത്തിയില്‍ സംസാരിക്കാന്‍ കഴിയില്ല എന്ന് കടയുടമ പറഞ്ഞു. ഉടനെ ഞാൻ ഹിന്ദിയിലുളള സംസാരം നിര്‍ത്തി. ഇതോടെ നിങ്ങള്‍ക്ക് കമ്മല്‍ വില്‍ക്കുന്നില്ല എന്നും കടയില്‍ നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു- വളരെ മോശമായാണ് ജ്വല്ലറി ഉടമ പെരുമാറിയതെന്നും എഴുത്തുകാരി പറയുന്നു.
ഉടന്‍ തന്നെ കട നടത്താന്‍ അനുമതി നല്‍കി കൊണ്ടുളള ലൈസന്‍സ് കാണിക്കാന്‍ കടയുടമ ശങ്കര്‍ലാല്‍ ജെയ്‌നിനോട് ആവശ്യപ്പെട്ടു. കടയുടമ നിരസിച്ചു. ഇതോടെ പൊലീസിനെ വിളിക്കാന്‍ തീരുമാനിച്ചു. പൊലീസും കടയുടമയുടെ ഭാഗത്ത് നിന്നതോടെ പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അവർ പറയുന്നു. രാത്രി മുഴുവന്‍ പ്രതിഷേധിച്ചതോടെ, വെളളിയാഴ്ച രാവിലെ കടയുടമ മാപ്പു പറഞ്ഞു.
അതിനിടെ സംഭവം അറിഞ്ഞ് എഴുത്തുകാരിക്ക് പിന്തുണയുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പ്രവര്‍ത്തകര്‍ ശങ്കര്‍ലാല്‍ ജെയ്‌നിൻെറ മുഖത്ത് അടിക്കുകയും ചെയ്തു. സംഭവം രാഷ്ട്രീയമായി മാറിയതോടെ കടയുടമ ശോഭ ദേശ്പാണ്ഡെയോട് മാപ്പു പറയുകയായിരുന്നു. മറാത്തി പഠിക്കുന്നത് വരെ കട തുറക്കാന്‍ അനുവദിക്കില്ലെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഭീഷണിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.