കോവിഡ് രോഗി 'മരിച്ചു' ഒന്നല്ല, രണ്ടുതവണ; ആശുപത്രിക്കെതിരെ ബന്ധുക്കൾ
text_fieldsഭോപാൽ: മധ്യപ്രദേശിൽ 58കാരനായ കോവിഡ് രോഗിയെ ആശുപത്രി അധികൃതർ രണ്ട് തവണ തെറ്റായി മരിച്ചുവെന്ന് പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി ബന്ധുക്കൾ. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ അടൽ ബിഹാരി മെഡിക്കൽ കോളജിലാണ് സംഭവം.
രണ്ട് തവണയാണ് ബന്ധുക്കൾ ഗൗരിലാൽ കോരിയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി ഒരുക്കങ്ങൾ നടത്തിയിരുന്നത്.
കോവിഡ് ബാധ സംശയിച്ച് കോരിയെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച വെന്‍റിലേറ്ററിലാക്കി.
'പിറ്റേ ദിവസം അച്ഛന്‍റെ നില മോശമാണെന്ന് പറഞ്ഞ് ആശുപത്രിക്കാർ വിളിപ്പിച്ചു. ആശുപത്രിയിലത്തിയ എന്നോട് അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്ന് പറഞ്ഞു. അൽപ സമയത്തിന് ശേഷം നഴ്‌സ് തന്നെ അദ്ദേഹം വീണ്ടും ശ്വസിച്ച് തുടങ്ങിയതായി അറിയിച്ചു' - രോഗിയുടെ മകനായ കൈലാശ് കോരി പറഞ്ഞു.
അതേദിവസം തന്നെ ഡോക്ടർമാരുടെ നിർദേശാനുസരണം ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
'അച്ഛൻ ശസ്ത്രക്രിയക്കിടെ മരിച്ചതായി അവർ പിന്നീട് പറഞ്ഞു. വൈകീട്ട് 8.30ന് ശസ്ത്രക്രിയക്കിടെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചു. അതിനാൽ നിങ്ങൾക്ക് മൃതദേഹം വിട്ടുതരില്ലെന്നും അവർ പറഞ്ഞു' -കേരിയുടെ മകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ കുടുംബം മൃതദേഹം സംസ്കരിക്കുന്നതിനായി ഒരുക്കങ്ങൾ നടത്തുന്നതിനിടെ ആശുപത്രി ജീവനക്കാർ രോഗി ജീവനോടെയുണ്ടെന്നും എന്നാൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും അറിയിച്ചു.
'അദ്ദേഹം മരിച്ചതായി രണ്ടുതവണയാണ് അവർ അറിയിച്ചത്. ഇത് നിരുത്തരവാദിത്തപരമായ നടപടിയാണ്' ൈകലാഷ് കോരി പറഞ്ഞു.
'കോരി വെന്‍റിലേറ്ററിലായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന്‍റെ ഹൃദയമിടിപ്പ് നിന്നു. ഒരു നഴ്‌സ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു. സാധാരണയായി, ഡോക്ടർമാർ അത്തരം കേസുകളിൽ രോഗിയെ രക്ഷിക്കാൻ പരമാവധി ശ്രമിക്കും. ചിലപ്പോൾ ഒന്ന് രണ്ട് മണിക്കൂർ എടുക്കും. ഞങ്ങളുടെ ഡോക്ടർമാർ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു… ഇതെല്ലാം ആശയക്കുഴപ്പമുണ്ടാക്കി' -ആശുപത്രി ഡീനായ ഡേ. സുനിൽ നന്ദേശ്വർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.