സഹായം വാഗ്ദാനം ചെയ്ത് മോദിക്ക് ചൈനീസ് പ്രസിഡൻറ് ഷീയുടെ സന്ദേശം
text_fieldsകോവിഡിെൻറ രണ്ടാം തരംഗം അതിജീവിക്കാൻ പരിശ്രമിക്കുന്ന ഇന്ത്യക്ക് സഹായ വാഗ്ദനവുമായി ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്. കോവിഡിനെ നേരിടാൻ ൈചന എല്ലാ പിന്തുണയും ഉറപ്പു നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദിക്ക് അയച്ച സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് ഇന്ത്യയുമായി സഹകരിക്കാൻ ഒരുക്കമാണെന്ന് ഷീ അറിയിച്ചു. കോവിഡിെൻറ പുതിയ വ്യാപനത്തെ നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയറിയിച്ച് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി രംഗത്തെത്തിയിരുന്നു. ചൈനയിൽ അതിവേഗം നിർമിച്ചുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധ ഉൽപന്നങ്ങളും ചികിത്സ ഉപകരണങ്ങളും എത്രയും പെെട്ടാന്ന് ഇന്ത്യയിൽ എത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കോവിഡ് മനുഷ്യ കുലത്തിെൻറ ശത്രുവാണെന്നും അന്താരാഷ്ട്ര സമൂഹം ഒരുമിച്ചുണ്ടാകുമെന്നും ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ്. ജയ്ശങ്കറിനയച്ച കത്തിൽ വാങ് യി അറിയിച്ചിരുന്നു. കോവിഡിനെതിരെ പോരാടുന്ന ഇന്ത്യാ ഗവൺമെൻറിനും ജനങ്ങൾക്കും ചൈനയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
26000 വെൻറിലേറ്ററുകളും ഒാക്സിജൻ ഉപകരണങ്ങളും ഏപ്രിലിൽ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ചൈനയിലെ കമ്പനികൾ ഇന്ത്യയിലേക്ക് അയക്കാനായി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ടെന്നും രാപ്പകൽ ഭേദമില്ലാതെ ആ കമ്പനികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങളും മരുന്നുമായി എപ്രിലിൽ മാത്രം 3800 ടൺ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ മാസങ്ങൾ നീണ്ട സൈനിക ഉരസലുകൾ ഇന്ത്യക്കും ചൈനക്കുമിടയിലെ ബന്ധത്തിൽ കഴിഞ്ഞ വർഷം വിള്ളലുകൾ വീഴ്ത്തിയിരുന്നു. പല തലങ്ങളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇരു സൈന്യങ്ങളും പിൻമാറാൻ ധാരണയായത്. പാകിസ്താനുമായി ചൈന തന്ത്രപരമായ ബന്ധം സൂക്ഷിക്കുന്നതുകൊണ്ട് സൂക്ഷ്മതയോടെയാണ് ചൈനയുടെ ഇടപെടലുകളെ ഇന്ത്യ നിരീക്ഷിച്ചിരുന്നത്.
2019 അവസാനം ചൈനയിലെ വുഹാനിലാണ് കോവിഡ് ആദ്യമായി മനുഷ്യനിൽ റിപ്പോർട്ട് ചെയ്യുന്നത്. ശേഷം, കോവിഡ് വൈറസ് ലോകമാകെ പടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.