2021ൽ ഇന്ത്യക്കാർ നെറ്റിൽ തിരഞ്ഞതെന്ത്? യാഹൂ റിപ്പോർട്ടിൽ ഇടംപിടിച്ചവർ ഇവരാണ്
text_fields2021ലെ വാർഷിക അവലോകന റിപ്പോർട്ട് പുറത്തുവിട്ട് സെർച് എൻജിനായ യാഹൂ ഡോട്ട് കോം. കഴിഞ്ഞ ഒരു വർഷം ഇന്ത്യക്കാർ ഇന്‍റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികൾ, സംഭവങ്ങൾ, സെലബ്രിറ്റികൾ തുടങ്ങിയവയാണ് യാഹൂ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഇന്‍റർനെറ്റിൽ തിരഞ്ഞ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ് രണ്ടാമത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് മൂന്നാമത്. അന്തരിച്ച നടൻ സിദ്ധാർത്ഥ് ശുക്ല, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ നാലും അഞ്ചും സ്ഥാനത്തുണ്ട്.
'ടോപ് ന്യൂസ്മേക്കർ' വിഭാഗത്തിൽ കർഷക സമരമാണ് ഒന്നാമതെത്തിയത്. ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനാണ് രണ്ടാമത്. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടതോടെയാണ് ആര്യൻ ഖാൻ തിരച്ചിലിൽ മുന്നിലെത്തിയത്. 2021ലെ കേന്ദ്ര ബജറ്റ്, നീലച്ചിത്ര കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര, ബ്ലാക് ഫംഗസ് എന്നിവ വാർത്താ വിഭാഗത്തിൽ മൂന്ന്, നാല്, അഞ്ച് സ്ഥാനത്തെത്തി.
ഏറ്റവും കൂടുതൽ തിരഞ്ഞ പുരുഷ സെലബ്രിറ്റികളുടെ വിഭാഗത്തിൽ അന്തരിച്ച നടൻ സിദ്ധാർത്ഥ് ശുക്ലയാണ് ഒന്നാമത്. സൽമാൻ ഖാൻ രണ്ടാമതും അല്ലു അർജുൻ മൂന്നാമതുമെത്തി. പുനീത് രാജ്കുമാർ, അന്തരിച്ച നടൻ ദിലീപ് കുമാർ എന്നിവർ നാലും അഞ്ചും സ്ഥാനത്തുണ്ട്.
വനിതാ സെലബ്രിറ്റികളുടെ വിഭാഗത്തിൽ കരീന കപൂറാണ് ഒന്നാമത്. കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ദീപിക പദുക്കോൺ എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെ സ്ഥാനത്ത്.
ഏറ്റവും തിരഞ്ഞ രാഷ്ട്രീയക്കാരിൽ മോദി കഴിഞ്ഞാൽ അടുത്ത സ്ഥാനം മമത ബാനർജിക്കാണ്. രാഹുൽ ഗാന്ധി മൂന്നും, അരവിന്ദ് കെജരിവാൾ നാലും സ്ഥാനത്തുണ്ട്. അമിത് ഷായാണ് അഞ്ചാം സ്ഥാനത്ത്.
ഏറ്റവും കൂടുതൽ തിരഞ്ഞ ബിസിനസുകാരിൽ ഇലോൺ മസ്കാണ് ഒന്നാമത്. മുകേഷ് അംബാനി, ബിൽഗേറ്റ്സ്, രത്തൻ ടാറ്റ, രാകേഷ് ജുൻജുൻവാല എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
കായിക താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്ലിക്ക് പിന്നാലെ എം.എസ്. ധോണി, നീരജ് ചോപ്ര, സചിൻ തെണ്ടുൽകർ, രോഹിത് ശർമ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
സിനിമ, ടിവി ഷോകളുടെ കൂട്ടത്തിൽ 'താരക് മേത്താ കാ ഔൾട്ടാ ചഷ്മ' ആണ് ഒന്നാമത്. 'രാധാ കൃഷ്ണ', 'യേ റിഷ്താ ക്യാ കെഹ്ലാതാ ഹെ', 'മണി ഹെയ്സ്റ്റ് സീസൺ 5', 'ഷേർഷാൻ' എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ ക്രിപ്റ്റോകറൻസി ബിറ്റ്കോയിനാണ്. രണ്ടാമത് ഡോഷ്കോയിൻ. ഷിബ ഇനു, എഥേറിയം, യുനിസ്വാപ് എന്നിവയാണ് തുടർന്നുള്ള സ്ഥാനത്ത്.
അമേരിക്കൻ ടെക് കമ്പനിയായ വെറൈസന്‍ മീഡിയയുടെ ഉടമസ്ഥതയിലുള്ള യാഹൂ ലോകത്തെ പ്രമുഖ സെർച് എൻജിനുകളിലൊന്നാണ്. ഇന്ത്യയിൽ യാഹൂവിെൻറ വാര്‍ത്താ സൈറ്റുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ആഗസ്റ്റിൽ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ യാഹൂ മെയില്‍, യാഹു സെര്‍ച്ച് എന്നിവ പ്രവർത്തനം തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.