'യമരാജൻ നിങ്ങളെ കാത്തിരിക്കുന്നുണ്ട്'; സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവരോട് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവരോട് മരണത്തിന്‍റെ ദൈവമായ യമരാജൻ കാത്തിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരെ ശക്തമായ നിയമസംവിധാനം നടപ്പിലാക്കേണ്ടതുണ്ടെന്നും ഇത് ദുരുപയോഗം ചെയ്യാനാകാത്തവിധം പരിപാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോരഖ്പൂരിൽ ഞായറാഴ്ച നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
കഴിഞ്ഞ ദിവസം അംബേദ്കർ നഗറിൽ സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർഥിനിയുടെ ഷാൾ പിടിച്ചുവലിക്കുകയും അപകടത്തിൽ കുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തെയും അദ്ദേഹം പരാമർശിച്ചിരുന്നു. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയുടെ ഷാൾ ബൈക്കിലെത്തിയ രണ്ട് പേർ പിടിച്ചുവലിക്കുകയായിരുന്നു. പിന്നാലെ നിയന്ത്രണം തെറ്റി താഴെ വീണ പെൺകുട്ടിയുടെ ദേഹത്തേക്ക് പ്രതികളുടെ സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. പെൺകുട്ടിയെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത യുവാവ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കാലിന് വെടിവെച്ച് വീഴ്ത്തിയിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.