സെറിബ്രൽ പാൾസിയോട് പോരാടി; ക്യാറ്റ് പരീക്ഷ പാസായ യഷിന് ഐ.എം.എമ്മിൽ പ്രവേശനം
text_fieldsമുംബൈ: ''സാധ്യമല്ലാത്തതായി ഒന്നുമില്ല''സെറിബ്രൽ പാൾസി, ഡിസ്‌ലെക്‌സിയ, ഡിസാർത്രിയ എന്നീ ശാരീരികാവസ്ഥകളോട് പോരാടി ഐ.ഐ.എമ്മുകള്‍ ഉള്‍പ്പെടെ മുന്‍നിര ബിസിനസ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ക്യാറ്റ് പരീക്ഷ 92 ശതമാനം മാർക്കോടെ പാസായ യഷ് അവധേഷ് ഗാന്ധിയെന്ന 21 കാരെൻറ വാക്കുകളാണിത്. എഴുതാനും വായിക്കാനും സംസാരിക്കാനും എഴുന്നേറ്റ് നടക്കാൻ പോലും ബുദ്ധിമുട്ടുള്ള യഷിന് മറ്റ് വിദ്യാർഥികൾക്കൊപ്പം പരീക്ഷയെഴുതി വിജയിക്കുക എന്നത് കഠിനം തന്നെയായിരുന്നു. എന്നാൽ കടലലോളം ആത്മവിശ്വാസവുമായി തെൻറ രോഗാവസ്ഥയെ മറികടന്ന യഷ് അവധേഷ് ക്യാറ്റ് പരീക്ഷയിൽ 92.5 ശതമാനം മാർക്ക് വാങ്ങി. അംഗപരിമിതർക്കുള്ള സംവരണത്തിൽ യഷിന് ലഖ്നോ ഐ.ഐ.എമ്മിൽ പ്രവേശനവും ലഭിച്ചു.
യഷ് മുംബൈയിലെ മിത്തിബായ് കോളേജിൽ ആദ്യ അഞ്ചുറാങ്കുകാരിൽ ഒരാളായാണ് അക്കൗണ്ടിങ്ങ് ആൻറ് ഫിനാൻസിൽ ബിരുദം നേടിയത്. 2018 ജൂലൈ മുതൽ ക്യാറ്റ് പരീക്ഷക്കുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. ക്യാറ്റ് പരീക്ഷയിൽ വിജയിച്ചതോടെ കോഴിക്കോട്, ഇൻഡോർ എന്നിവയുൾപ്പെടെ നിരവധി ഐ.ഐ.എമ്മുകളിൽ നിന്ന് പ്രവേശനത്തിന് കത്ത് ലഭിച്ചെങ്കിലും റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന ലഖ്നോ ഐ.ഐ.എം തിരഞ്ഞെടുക്കുകയായിരുന്നു.
" എനിക്ക് അക്കങ്ങൾ ഉപയോഗിക്കുന്നതിൽ നല്ല ബുദ്ധിമുട്ടുണ്ട്. അതിനാൽ ക്വാൻറ്റിറ്റേറ്റിവ് എബിലിറ്റി വിഭാഗത്തിൽ മറ്റുള്ളവരേക്കാൾ വളരെ അധികം എനിക്ക് പരിശ്രമിക്കേണ്ടി വന്നു. എന്നാൽ അത് അസാധ്യമല്ലായിരിക്കുന്നു''- യഷ് മാധ്യമപ്രവർത്തകരോട് വിവരിച്ചു.
സംസാരത്തിനുള്ള പേശികളെ ബാധിക്കുന്ന ഡിസാർത്രിയ ഉണ്ടെങ്കിലും അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും ചിന്തകളും മറ്റുള്ളവരെ വ്യക്തമായി അറിയിക്കാൻ യഷ് ശ്രമിക്കാറുണ്ട്. ക്യാറ്റ് പരീക്ഷ എഴുതാൻ മറ്റൊരാളുടെ സഹായവും യഷിന് വേണ്ടിവന്നിരുന്നു.
സ്കൂൾ കാലഘട്ടം മുതൽ യഷിന് പ്രചോദനവും പിന്തുണയുമായി കൂടെ നിന്നത് മാതാപിതാക്കൾ തന്നെയാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പിതാവ് അവധേഷ് ഗാന്ധിയും മാതാവ് ജിഗ്നാഷയും പരിശ്രമത്തിലൂടെ എല്ലാം നേടാമെന്ന ആത്മവിശ്വസം പകർന്നിരുന്നു.
"സ്കൂളിൽ ചേർന്നപ്പോൾ, പഠനത്തിൽ ബുദ്ധിമുട്ട് ഉള്ളതിനാൽ സമപ്രായക്കാർക്കൊപ്പം യഷിന് കഴിഞ്ഞിരുന്നില്ല. പക്ഷേ അവൻ പിൻമാറിയില്ല. പതിയെ സാധാരണ കുട്ടികളേക്കാൾ കഠിനാധ്വാനം ചെയ്ത് മുന്നോട്ടുവന്നു''- അവധേഷ് ഗാന്ധി മകെൻറ കഠിനാധവാനത്തെ കുറിച്ച് വാചാലനായി.
''അവന് എന്തും ചെയ്യാനുള്ള കഴിവുണ്ടെന്നും ഒരു ശ്രമത്തിലൂടെ ഒന്നും അവസാനിപ്പിക്കരുതെന്നും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനുശേഷം യാഷ് വീണ്ടും പഠനം ആരംഭിച്ചു''- ഉച്ചഭക്ഷണ കാൻറീനിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന യാഷിൻെറ അമ്മ ജിഗ്നാഷ പറഞ്ഞു.
എഴുത്ത് ബുദ്ധിമുട്ടാണെങ്കിലും കഴിയുന്ന രീതിയിൽ കുറിപ്പുകളെഴുതിയും വീണ്ടും വീണ്ടും പാഠഭാഗങ്ങൾ കേട്ടുമാണ് യഷ് പഠിച്ചിരുന്നത്. പഠന പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർഥികൾക്ക് പ്രചോദനമാവുകയാണ് യഷ് അവധേഷ് എന്ന മിടുക്കൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.