അരുൺ ജെയ്റ്റ്ലിയെ മാറ്റണമെന്ന് യശ്വന്ത് സിൻഹ
text_fieldsപട്ന: വീണ്ടുവിചാരം കൂടാതെ ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് മുൻകേന്ദ്ര ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിൻഹ. കള്ളപ്പണം ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ നോട്ട് നിരോധനംകൊണ്ട് ആയില്ലെന്നും നോട്ട് നിരോധനം, നികുതി പരിഷ്കാരം എന്നിവ വിജയകരമാണെന്ന് വരുത്തിതീർക്കാൻ ഭരണകൂടം നുണ പ്രചരിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ മുൻ സ്പീക്കർ ഉദയ് നാരായൺ ചൗധരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ജെയ്റ്റ്ലി ജി.എസ്.ടി താറുമാറാക്കി. പ്രധാനമന്ത്രി പുതിയ ധനമന്ത്രിയെ നിയമിക്കണം. താൻ പൂർണ ഉത്തരവാദിത്തത്തോടെയാണ് ഇക്കാര്യം പറയുന്നത്. ഇരുനൂറോളം ഉൽപന്നങ്ങളുടെ നികുതി 28ൽ നിന്ന് 18 ശതമാനമായി കുറച്ചെന്നാണ് സർക്കാർ ഇപ്പോൾ അവകാശപ്പെടുന്നത്. ജി.എസ്.ടി ഘടന ശരിയല്ലാത്തതുകൊണ്ടാണ് ദിനേന പരിഷ്കരിക്കേണ്ടിവരുന്നത്. അറ്റകുറ്റപണികൊണ്ട് പരിഹാരമുണ്ടാവില്ല. പൂർണ അഴിച്ചുപണിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പത്തികരംഗം അശാന്തമാക്കി. നോട്ട് നിരോധിച്ചതുകൊണ്ട് കശ്മീരിൽ കല്ലേറ് കുറഞ്ഞെന്നാണ് ഒരു മന്ത്രിയുടെ പരിഹാസ്യ പ്രസ്താവന. എല്ലാത്തിെൻറയും ക്രെഡിറ്റ് നോട്ട് നിരോധത്തിന് നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.