വെറുപ്പ് തോൽക്കും വരെ യാത്ര തുടരുമെന്ന് രാഹുലും കോൺഗ്രസും
text_fieldsന്യൂഡൽഹി: വെറുപ്പ് നിർമാർജനം ചെയ്ത് ഇന്ത്യ ഒന്നിക്കുന്നത് വരെ തന്റെ ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐക്യത്തിലേക്കും സ്നേഹത്തിലേക്കുമുള്ള കോടികളുടെ ചുവടുവെപ്പ് രാജ്യത്തിന്റെ നല്ലനാളേക്കുള്ള അടിത്തറയാണെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. രാജ്യത്തിന്റെ തേക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ 4000 കിലോമീറ്റർ കാൽനടയായി താണ്ടി ചരിത്രം കുറിച്ച തന്റെ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിന് സമൂഹ മാധ്യമമായ ‘എക്സി’ലാണ് യാത്ര തുടരുമെന്ന് രാഹുൽ കുറിച്ചത്. യൂറോപ്പിൽ ഒരാഴ്ചത്തെ പര്യടനത്തിലാണ് രാഹുൽ.
വെറുപ്പിനെ രാജ്യം തോൽപിക്കും വരെ രാഹുലിന്റെ യാത്ര തുടരുമെന്ന് കോൺഗ്രസും വ്യക്തമാക്കി. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വീണ്ടെടുപ്പിന് കോൺഗ്രസ് പാർട്ടി ജനങ്ങളിലേക്കിറങ്ങി ഭാരത് ജോഡോ യാത്രയും തുടരുകയാണെന്നും കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 4000 കിലോമീറ്റർ പദയാത്ര ചരിത്രത്തിൽ തുല്യതയില്ലാത്ത ജനകീയ മുന്നേറ്റമായിരുന്നുവെന്ന് ഖാർഗെ അഭിപ്രായപ്പെട്ടു.
യാത്ര നയിച്ച രാഹുൽ ഗാന്ധിയെയും അനുഗമിച്ച എല്ലാ ഭാരതയാത്രികരെയും പങ്കാളികളായ ലക്ഷക്കണക്കിന് ജനങ്ങളെയും അഭിനന്ദിക്കുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരത് ജോഡോ യാത്ര ജീവിതത്തിന്റെ നാനാതുറകളിലുംപെട്ട മനുഷ്യരുമൊത്ത് താണ്ടിയത് നാനാത്വത്തിൽ ഏകത്വത്തിന്റെ സന്ദേശവും വഹിച്ചായിരുന്നു. ജനങ്ങളുടെ യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തെറ്റിക്കാൻ വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വാർത്ത തലക്കെട്ടുകൾ കെട്ടിച്ചമക്കുന്ന പ്രവണത നമ്മുടെ പൊതുബോധത്തെ വ്യവസ്ഥാപിതമായി ആക്രമിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക അസമത്വം, വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹിക നീതി, ഭരണഘടന അട്ടിമറി, അധികാരത്തിന്റെ കേന്ദ്രീകരണം തുടങ്ങിയ യഥാർഥ പ്രശ്നങ്ങളെ ജനമധ്യത്തിലേക്ക് കൊണ്ടുവരാനാണ് യാത്ര ആഗ്രഹിച്ചത് -ഖാർഗെ പറഞ്ഞു.
വെറുപ്പ് പരാജയപ്പെടുകയും ശബ്ദമില്ലാത്തവന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നത് വരെ രാഹുലിന്റെ ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
രാഹുൽ ബ്രസൽസിൽ
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിൽ ആറു ദിവസത്തെ യൂറോപ് പര്യടനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബ്രസൽസിലെത്തി. ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനം ആതിഥ്യമരുളുന്ന വേളയിലാണ് പ്രവാസി ഇന്ത്യക്കാരുമായും യൂറോപ്യൻ എം.പിമാരുമായും വിവിധ സർവകലാശാല വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചക്ക് രാഹുൽ യാത്ര തിരിച്ചത്. ഗുജറാത്ത് കോടതിയുടെ ശിക്ഷ വിധി സുപ്രീംകോടതി റദ്ദാക്കി ലോക്സഭാംഗത്വം തിരികെ കിട്ടിയ ശേഷമുള്ള രാഹുലിന്റെ ആദ്യ വിദേശ പര്യടനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.