പ്രതിപക്ഷ നേതാക്കളെ കുരുക്കാൻ കേന്ദ്രസർക്കാർ ഫോണിനെ കരുവാക്കുന്നുവെന്ന് യെച്ചൂരി
text_fieldsന്യൂഡൽഹി: ആപ്പിൾ ഐ-ഫോണിൽ നിന്ന് ഡാറ്റ ചോർത്താനാണോ, പ്രതിപക്ഷ നേതാക്കളെ കുരുക്കാൻ പാകത്തിലുള്ള എന്തെങ്കിലും പ്ലാന്‍റ് ചെയ്യാനാണോ ഭരണകൂടം ശ്രമിക്കുന്നതെന്ന് സംശയിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
യെച്ചൂരിയുടെ ഫോണിലേക്കും ആപ്പിൾ ജാഗ്രത സന്ദേശം വന്നതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഈ സംശയം അദ്ദേഹം പ്രകടിപ്പിച്ചത്. തന്‍റെ പ്രവർത്തനം തുറന്ന പുസ്തകം പോലെയാണ്. ഒന്നും ഒളിക്കാനില്ല. അതുകൊണ്ട് ചാരവേലയുടെ ലക്ഷ്യം എന്തെങ്കിലും മൊബൈലിൽ പ്ലാന്‍റ് ചെയ്യുകയാവുമെന്ന് കരുതണം.
കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗിക്കുന്ന സാഹചര്യത്തിൽ ഇതിന് സാധ്യത ഏറെയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കേണ്ടയാളാണ് പ്രധാനമന്ത്രി. എന്നൽ ജനാധിപത്യവും പൗരന്‍റെ അവകാശങ്ങളും ഇല്ലാതാക്കുകയാണ് -യെച്ചൂരി കത്തിൽ പറഞ്ഞു.
അതേസമയം, എം.പിമാർ ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയതിൽ കൂടുതൽ വിശദീകരണവുമായി ടെക് ഭീമൻ ആപ്പിൾ രംഗത്തെത്തി. മുന്നറിയിപ്പ് നൽകിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് ആപ്പിൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടാൽ അത് ഹാക്കർമാർക്ക് ഗുണകരമാവുമെന്നാണ് ആപ്പിളിന്റെ വിശദീകരണം.
ഭാവിയിൽ ഈ വിവരങ്ങൾ ഉപയോഗിച്ച് ഹാക്കർമാർ ചോർത്തൽ കണ്ടുപിടിക്കുന്നതിനെ പ്രതിരോധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. ചോർത്തൽ ശ്രമത്തിന് പിന്നിൽ ഏത് രാജ്യമാണെന്ന് പറഞ്ഞിട്ടില്ലെന്നും ആപ്പിൾ കൂട്ടിച്ചേർത്തു. രാജ്യങ്ങൾ സ്പോൺസർ ചെയ്യുന്ന ഹാക്കർമാർക്ക് വൻതോതിൽ പണം ലഭിക്കുന്നുണ്ട്. സാങ്കേതികമായി മികച്ച സംവിധാനങ്ങൾ ഇത്തരം ഹാക്കർമാർക്കുണ്ടെന്നും ആപ്പിളിന്റെ അറിയിപ്പിൽ പറയുന്നുണ്ട്.
ചില മുന്നറിയിപ്പുകൾ തെറ്റാവാം. ചില സന്ദർഭങ്ങളിൽ ഹാക്കർമാരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമുണ്ടാവാം. 2021ൽ പുതിയ സംവിധാനം അവതരിപ്പിച്ച ശേഷം 150ഓളം രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ആപ്പിൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.