വിവാദങ്ങളൊഴിയാതെ ഭരണത്തിൽ യെദിയൂരപ്പക്ക് രണ്ടാണ്ട്
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തിൽ രണ്ടു വർഷം തികച്ച് ബി.എസ്. യെദിയൂരപ്പ. 2019 ജൂലൈ 26നായിരുന്നു കർണാടകയുടെ 25ാം മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരമേറ്റത്. തുടക്കം മുതൽ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഭരണം. സഖ്യ സർക്കാറിെൻറ അട്ടിമറിയിൽ തുടങ്ങി വിമതനേതാക്കളെ ബി.ജെ.പിയിൽ ഉൾപ്പെടുത്തി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നൽകലും മന്ത്രിസ്ഥാനം നൽകലുമെല്ലാം പാർട്ടിയിൽ ഒറ്റക്കുനിന്നാണ് യെദിയൂരപ്പ നേടിയെടുത്തത്.
ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി^എസും തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി അധികാരത്തിലേറിയതും ഒരു വർഷം തികഞ്ഞപ്പോൾ 17 എം.എൽ.എമാെര ഭരണപക്ഷത്തുനിന്ന് വരുതിയിലാക്കി യെദിയൂരപ്പയുടെ നേതൃത്വത്തിൽ സർക്കാറിനെ അട്ടിമറിച്ചതും ചരിത്രം. കുതിരക്കച്ചവടത്തിെൻറയും ഒാപറേഷൻ താമരയുടെയും കരിനിഴലിൽ സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ കർണാടക രാഷ്ട്രീയത്തിൽ കുതന്ത്രങ്ങളുടെ ചാണക്യനാണെന്ന് തെളിയിച്ച നാളുകളായിരുന്നു അത്. കോൺഗ്രസിൽ നിന്നും ജെ.ഡി^എസിൽനിന്നും രാജിവെച്ച എം.എൽ.എമാർ ബി.ജെ.പിയുടെ തണലിൽ സുരക്ഷിതമായി മുംബൈയിലെ ഹോട്ടലിൽ കഴിയുേമ്പാഴായിരുന്നു ബംഗളൂരുവിലെ രാജ്ഭവനിൽ യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ. എം.എൽ.എമാർക്കായി യെദിയൂരപ്പ വിലപേശുന്ന ശബ്ദസന്ദേശമടക്കം പുറത്തായിട്ടും അന്വേഷണമൊന്നും എവിടെയുമെത്തിയില്ല.
ഭരണത്തിലിരിക്കെ ബി.ജെ.പിക്കകത്തെ അധികാര വടംവലിയാണ് യെദിയൂരപ്പക്ക് ഏറെ തലവേദന സൃഷ്ടിച്ചത്. ബസനഗൗഡ പാട്ടീൽ യത്നാൽ അടക്കമുള്ള നേതാക്കൾ നിരന്തരം വിമർശനമുന്നയിച്ചു. മകൻ ബി.വൈ. വിജയേന്ദ്രയുടെ ഭരണതലത്തിലെ ഇടപെടൽ ഭരണകക്ഷിയിലും പ്രതിപക്ഷത്തിലും ചർച്ചയായി. 2019 ലെ പ്രളയത്തിൽ വൻ നാശനഷ്ടം നേരിട്ട കർണാടകക്ക് ആവശ്യപ്പെട്ട ഫണ്ട് പോലും കേന്ദ്രം അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തി പറയേണ്ട ഗതികേടും യെദിയൂരപ്പക്കുണ്ടായി. കോവിഡ് വ്യാപനത്തിെൻറ ഒന്നാം ഘട്ടത്തിൽ സർക്കാർ നടത്തിയ കോടികളുടെ അഴിമതി വിവരം കോൺഗ്രസ് പുറത്തുകൊണ്ടുവന്നു. അനധികൃത ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി വിചാരണ നേരിടണമെന്ന് കർണാടക ഹൈക്കോടതിക്ക് പറയേണ്ട സാഹചര്യവുമുണ്ടായി.
ഒടുവിൽ രണ്ടു വർഷം തികക്കുന്നതോടെ മുഖ്യമന്ത്രിപദത്തിൽനിന്നിറക്കാൻ പാർട്ടിയിൽ ചരടുവലി സജീവമായി. ബി.െജ.പി നേതാക്കളായ കെ.എസ്. ഇൗശ്വരപ്പ, നളിൻകുമാർ കട്ടീൽ തുടങ്ങിയവർ ഒളിഞ്ഞും യത്നാൽ, എ.എച്ച്. വിശ്വനാഥ്, അരവിന്ദ് ബല്ലാഡ്, സി.പി. യോഗേശ്വർ തുടങ്ങിയവർ തെളിഞ്ഞും പട നയിച്ചു. 78 കാരനായ യെദിയൂരപ്പയെ കർണാടകയിലെ സവിശേഷ സാഹചര്യം പരിഗണിച്ചാണ് പാർട്ടി നയം മാറ്റിവെച്ചും ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത്. 75 വയസ്സ് കഴിഞ്ഞവരെ മുഖ്യമന്ത്രിയടക്കമുള്ള പ്രധാന ചുമതലകൾ ഏൽപിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി നയം.
ഇനി തീരുമാനം കേന്ദ്ര നേതൃത്വത്തിനാണ്. ലിംഗായത്ത് നേതാവായ അദ്ദേഹത്തിെൻറ സ്വാധീനത്തെ അവഗണിച്ച് പാർട്ടി കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമോ എന്ന് കണ്ടറിയണം. വിശേഷിച്ചും, പിന്തുണയുമായി ലിംഗായത്ത് മഠാധിപതികളടക്കം പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ. അധികാരത്തിൽ അൽപായുസ്സ് മാത്രമാണ് യെദിയൂരപ്പക്ക് ഇതുവരെയുള്ള അനുഭവം. 2008ലും ഒാപറേഷൻ താമരയിലൂടെ അധികാരത്തിലെത്തിയ യെദിയൂരപ്പക്ക് പിന്നീട് ഒാർക്കാൻ അത്ര നല്ലതല്ലാത്ത അനുഭവങ്ങളാണ് ഭരണത്തിൽ പിന്നീടുണ്ടായത്.
അഴിമതിക്കേസിൽപെട്ട് ജയിലിലെത്തിയ അദ്ദേഹം 2012ൽ പാർട്ടിയോട് പിണങ്ങി കർണാടക ജനത പക്ഷ (കെ.ജെ.പി) എന്ന പേരിൽ പാർട്ടിയുണ്ടാക്കി. പിന്നീട് ബി.ജെ.പിയിൽ തിരിച്ചെത്തി ലോക്സഭാംഗമായി. 2018 നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി മാറ്റി. കോൺഗ്രസ്-ജെ.ഡി-എസ് സഖ്യത്തെ മറികടന്ന് ഗവർണറുടെ പ്രത്യേക താൽപര്യത്തിൽ സർക്കാർ രൂപവത്കരിച്ച് സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ ഭൂരിപക്ഷം തെളിയിക്കാനാവാതെ മൂന്നു ദിവസത്തിനുള്ളിൽ രാജിവെച്ചു. പിന്നീട് സഖ്യം ഭരണത്തിലേറിയതും ഒരു വർഷത്തിനുശേഷം സഖ്യത്തെ അട്ടിമറിച്ച് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി ഭരണം പിടിച്ചതും കർണാടക രാഷ്ട്രീയചരിത്രത്തിലെ കറുത്ത ഏടുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.