യെദിയൂരപ്പയുടെ അടിതെറ്റൽ, കാരണം മകന്‍റെ സമാന്തര സർക്കാർ
text_fieldsബംഗളൂരു: 'കർണാടകയിൽ യെദിയൂരപ്പയുടെ മകനാണ് യഥാർഥ മുഖ്യമന്ത്രി' -യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് കർണാടകയിലെ ബി.ജെ.പി നേതാക്കൾ എഴുതിയ കത്തിലെ പരാമർശമായിരുന്നു ഇത്. 2020 ഫെബ്രുവരിയിലാണ് ഈ കത്ത് പുറത്തായത്. യെദിയൂരപ്പയുടെ രാജി മുറവിളിയുടെ തുടക്കം അവിടെനിന്നായിരുന്നു.
കുടുംബത്തിൽനിന്ന് തന്നെ ഉയരുന്ന അഴിമതി കഥകളായിരുന്നു 2011ലും യെദിയൂരപ്പയുടെ രാജിയിലേക്കെത്തിച്ചത്. അന്ന് ബിസിനസ് ഇടപാടുകളായിരുന്നു അദ്ദേഹത്തിന്റെ രാജി കാരണം.
ഓപ്പറേഷൻ താമരയിലൂടെ 2019ൽ അധികാരത്തിലെത്തിയതിന് പിന്നാലെ കുടുംബാംഗങ്ങളുടെ കൊള്ളരുതായ്മകൾ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കികൊണ്ടിരുന്നു.
അധികാരത്തിലേറിയപ്പോഴും ഒഴിഞ്ഞപ്പോഴും യെദിയൂരപ്പക്കൊപ്പം നിഴലുപോലെ കൂടെ നിന്നിരുന്ന ബന്ധുവായ എൻ.ആർ. സന്തോഷിനെതിരെയായിരുന്നു ആദ്യ ആരോപണം. തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന പീഡനം, കൊലപാതക ശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ സന്തോഷിന്‍റെ പങ്ക് പുറത്തുവന്നു. ഇതോടെ സന്തോഷിൽനിന്നും അവരുടെ അനുയായികളിൽനിന്നും യെദിയൂരപ്പ അകലം പാലിച്ചു. തുടർന്ന് സ്വകാര്യ വസതിയായ ബംഗളൂരുവിലെ ഡോളർ കോളനിയിൽനിന്ന് ഔദ്യോഗിക വസതിയിലേക്ക് താമസം മാറി. എന്നാൽ, ഈ കൂടുമാറ്റത്തിലും യെദിയൂരപ്പയുടെ വീടും ഓഫിസും വാർത്തകളുടെ പരിധിക്ക് പുറത്തായിരുന്നില്ല. സന്തോഷിന് പകരം രണ്ടാമത്തെ മകൻ വിജയേന്ദ്ര വാർത്താതാരമായി.
കർണാടക ബി.ജെ.പിയുടെ വൈസ് പ്രസിഡന്‍റാണ് വിജയേന്ദ്ര. അഭിഭാഷകനായ വിജയേന്ദ്ര സഹോദരനും ശിവമോഗ എം.പിയുമായ രാഘവേന്ദ്രയെക്കാൾ അധികാരമോഹിയും രാഷ്്ട്രീയത്തിൽ സമർഥനുമായിരുന്നു. പ്രായം തളർത്താൻ തുടങ്ങിയതോടെ സംസ്ഥാന ബി.ജെ.പിയുടെയും തന്‍റെയും രാഷ്ട്രീയ പിൻഗാമിയായി വിജയേന്ദ്രയെ യെദിയൂരപ്പ മനസിൽ കണ്ടു. വിശ്വസ്തരായ ചില അനുയായികളിൽ നിന്നൊഴികെ യെദിയൂരപ്പ അകലം പാലിച്ചപ്പോൾ, വിജയേന്ദ്ര സമാന്തര സർക്കാർ നടത്തുന്നുവെന് ബി.ജെ.പിയിലെ മറ്റു നേതാക്കൾ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. എം.എൽ.എമാരെ കൂടാതെ വിജയേന്ദ്രയുടെ ഭരണ ഇടപെടലിനെതിരെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു. വിജയേന്ദ്ര നേരിട്ട് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നുവെന്നായിരുന്നു ആരോപണം.
എം.എൽ.എമാർക്ക് അനുവദിക്കുന്ന ഫണ്ട് തീരുമാനിക്കുന്നതുപോലും വിജയേന്ദ്രയായി. കൂടാതെ യെദിയൂരപ്പയെ കാണുന്നതിൽനിന്ന് നിരവധി ബി.ജെ.പി നേതാക്കളെ മകൻ വിലക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കൾ ആരോപണം പരസ്യമായും രഹസ്യമായും ഉന്നയിക്കാൻ തുടങ്ങിയെങ്കിലും വിജയേന്ദ്രയെ ആശ്രയിക്കുന്നതിൽനിന്ന് യെദിയൂരപ്പ പിന്മാറിയില്ല.
സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏറ്റവും ദുർബല പ്രദേശമായ പഴയ മൈസൂരു പ്രദേശത്ത് ബി.ജെ.പിയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യവും വിജയേന്ദ്ര ഏറ്റെടുത്തു.
എന്നാൽ, കെ.ആർ. പേട്ടയിലെ ഉപതെരഞ്ഞെടുപ്പ് ചുമതല വിജയേന്ദ്ര ഏറ്റെടുക്കുകയും ജെ.ഡി.എസ് കോട്ടയിൽ ബി.ജെ.പി വിജയിക്കുകയും ചെയ്തതോടെ യെദിയൂരപ്പയുടെ നിഴലിൽനിന്ന് മകൻ പുറത്തുവരാൻ തുടങ്ങുകയായിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ യെദിയൂരപ്പയുടെ ദൂതനായി ഡൽഹിയിൽ മുതിർന്ന ബി.ജെ.പി നേതാക്കളെ സന്ദർശിക്കാനെത്തിയത് വിജയേന്ദ്രയായിരുന്നു. ജൂലൈ 23ന് പാർട്ടി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാനായിരുന്നു വിജയേന്ദ്രയുടെ അവസാന ഡൽഹി സന്ദർശനം. യെദിയൂരപ്പയുടെ രാജി അഭ്യൂഹങ്ങൾ പുറത്തുവന്നതോടെ യോഗങ്ങൾ സംഘടിപ്പിച്ച് പിന്തുണ നേടാനുള്ള തിരക്കിലായിരുന്നു വിജയേന്ദ്ര. അതിന്‍റെ ഭാഗമായി സുത്തൂർ, സിദ്ധഗംഗ, ഹിരിയൂർ, ചല്ലകേരെ, ചിത്രദുർഗ തുടങ്ങിയ ഇടങ്ങളിൽ പിതാവിന് പിന്തുണ തേടി യോഗങ്ങൾ നടത്തി. ഇതൊന്നും ഫലിക്കാതെയായിരുന്നു യെദിയൂരപ്പയുടെ രാജിപ്രഖ്യാപനം.
മകനെ ആശ്രയിക്കുേമ്പാഴും സ്ഥായിയായിരുന്നില്ല വിജയേന്ദ്രയും യെദിയൂരപ്പയും തമ്മിലുള്ള ബന്ധം. 2010ൽ വിജയേന്ദ്രയോടും മകൾ ഉമാദേവിയോടും വീടുവിട്ടിറങ്ങണമെന്ന് യെദിയൂരപ്പ ആജ്ഞാപിച്ചിരുന്നു. സ്വാർഥരായ ആളുകളിൽനിന്ന് അകലം പാലിക്കാനാണ് ഈ നീക്കമെന്നായിരുന്നു യെദിയൂരപ്പയുടെ അന്നത്തെ വാദം. എന്നാൽ, നഷ്ടമായ മുഖം തിരിച്ചെടുക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ പ്രതികരണം.
അധികാരത്തിൽ അൽപ്പായുസ് മാത്രമായിരുന്നു യെദിയൂരപ്പക്ക് ഇതുവരെ. 2010ൽ 40 കോടിയുടെ ഖനന അഴിമതിക്കഥയാണ് പുറത്തുവന്നത്. യെദിയൂരപ്പയുടെ രണ്ടുമക്കൾ, മരുമകൻ എന്നിവരും കേസിലെ പ്രതികളായിരുന്നു. 2011ൽ യെദിയൂരപ്പ ജയിൽ വാസവും അനുഭവിച്ചു.
2008-11 കാലയളവിൽ കർണാടക മുഖ്യമന്ത്രിയായിരിക്കേ അനധികൃതമായി ഖനന ലൈസൻസ് അനുവദിച്ചതുവഴി യെദിയൂരപ്പയും കുടുംബവും 40 കോടി രൂപ സമ്പാദിച്ചെന്നായിരുന്നു കേസ്. ഇതുമൂലം സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നുമായിരുന്നു കണ്ടെത്തൽ. 2016ൽ ഈ കേസിൽ യെദിയൂരപ്പ അടക്കം 13 പേരെ സി.ബി.ഐ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
പാർട്ടിയിലെ മറ്റു നേതാക്കൾ ഒന്നടങ്കം മകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോഴും യെദിയൂരപ്പയുടെ മൗനമാണ് ഇേപ്പാൾ തിരിച്ചടിയായത്. മകനെ തെന്റ രാഷ്ട്രീയ പിൻഗാമിയായി അവരോധിക്കാൻ ഒരുക്കുന്നതിനിടെയാണ് ഈ ആഘാതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.