തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യോഗി മന്ത്രിസഭ വികസിപ്പിക്കുന്നു; ഏഴ് പുതുമുഖങ്ങൾക്ക് സാധ്യത
text_fieldsലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ഉത്തർപ്രദേശിൽ മന്ത്രിസഭ വികസനത്തനൊരുങ്ങി യോഗി ആദിത്യനാഥ്. മന്ത്രിസഭ വികസനം ഞായറാഴ്ച വൈകീട്ട് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ ഭാഗമായി ഗവർണർ ആനന്ദിബെൻ പേട്ടൽ ഉച്ചക്ക് രണ്ടുമണിക്ക് ലഖ്നോവിൽ എത്തുന്നുണ്ട്.
ഏഴോ എട്ടോ പുതുമുഖങ്ങളെ കാബിനറ്റിൽ ഉൾപെടുത്തുമെന്നാണ് വിവരം. സംഗീത ബിന്ദ്, ജിതിൻ പ്രസാദ, ഛത്രപാൽ ഗംഗ്വാർ, പാൽതുറാം, ദിനേഷ് ഖാതിക്, കൃഷ്ണ പാസ്വാൻ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രാതിനിധ്യം ലഭിക്കാത്ത ജാതിക്കാരെയും പാർട്ടികളെയുമാണ് മന്ത്രിസഭ പുന:സംഘടനയിൽ ഉൾപെടുത്തുന്നത്.
നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദിനെ മന്ത്രിയാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ട്. കേന്ദ്രമന്ത്രിസഭ പുന:സംഘടനയിൽ മകൻ പ്രവീൺ നിഷാദിനെ ഉൾപെടുത്താത്തതിനെതിരെ സഞ്ജയ് നീരസം പ്രകടിപ്പിച്ചിരുന്നു.
14 കേന്ദ്രമന്ത്രിമാരെ കൂടി ചേർക്കുന്നതോടെ ഏറ്റവും കൂടുതൽ കാബിനറ്റ് മന്ത്രിമാരുള്ള സംസ്ഥാനമായി യു.പി മാറി. ലോക്സഭയിൽ 62ഉം രാജ്യസഭയിൽ 22ഉം ചേർത്ത് യു.പിയിൽ നിന്ന് ബി.ജെ.പിക്ക് 84 എം.പിമാരുണ്ട്. സഖ്യകക്ഷിയായ അപ്നാ ദളിന് രണ്ട് എം.പിമാരുമുണ്ട്.
2022ൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് നിർണായകമാണ്. ഈ വർഷം നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പാർട്ടിക്ക് യു.പിയിൽ അധികാരം നിലനിർത്തുകയെന്നത് അഭിമാന പ്രശ്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.