യു.പിയിൽ ആറുമാസത്തേക്ക് സമരങ്ങൾക്ക് വിലക്ക്; എസ്മ പ്രഖ്യാപിച്ച് യോഗി സർക്കാർ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ആറുമാസത്തേക്ക് സമരങ്ങൾക്ക് വിലക്കേർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് എസ്മ പ്രഖ്യാപിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേഷ് കുമാർ ചതുർവേദി ഞായറാഴ്ച വിജ്ഞാപനം പുറത്തിറക്കിയതായി ൈലവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശ് സർക്കാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പൊതു സേവന മേഖലകളിലും കോർപറേഷനുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും പണിമുടക്ക് നിരോധിക്കുന്നതായി വിജ്ഞാപനത്തിൽ പറയുന്നു. വിലക്ക് ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരും.
മേയിൽ യു.പി സർക്കാർ സംസ്ഥാനത്ത് എസ്മ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിലായിരുന്നു അന്ന് സമരങ്ങളും പണിമുടക്കുകളും നിരോധിച്ചുകൊണ്ടുള്ള നടപടി. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർ പണിമുടക്കുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്താൽ അവർക്കെതിരെ നടപടിയെടുക്കാൻ എസ്മ നിയമം സർക്കാറിന് അധികാരം നൽകും.
വ്യവസ്ഥകൾ ലംഘിച്ചാൽ വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാറിന് അധികാരം ലഭിക്കും. ഒരുവർഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടുശിക്ഷകളും കൂടിയോ നൽകാനുള്ള വ്യവസ്ഥയും ഇതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.