യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാർ
text_fieldsലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുത്ത വൻ ചടങ്ങിൽ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കേശവ പ്രസാദ് മൗര്യ, ബ്രജേഷ് പഥക്ക് എന്നിവർ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു.
ലഖ്നോവിലെ അടൽബിഹാരി വാജ്പേയി ഇകാനാ സ്റ്റേഡിയത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
രണ്ടാമൂഴത്തിൽ മികച്ച ജയം കൊയ്ത ബി.ജെ.പി, മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദമുന്നയിച്ചതിനു പിന്നാലെ വ്യാഴാഴ്ച യോഗിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. 403 ൽ 273 സീറ്റുകൾ നേടിയ എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പിക്ക് 255ഉം അപ്നാദൾ (എസ്), നിഷാദ് പാർട്ടി എന്നിവർക്ക് 18 സീറ്റുമാണുള്ളത്.
2017ലെ യു.പി തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബി.ജെ.പി അപ്രതീക്ഷിതമായാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത്. അഞ്ചുവർഷത്തിനുശേഷം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മറ്റൊരു പേരും മുഖ്യമന്ത്രിപദത്തിലേക്ക് ഉയർന്നുകേട്ടില്ല. സംസ്ഥാനത്ത് മൂന്നര പതിറ്റാണ്ടിനുശേഷം, അഞ്ചുവർഷം പൂർത്തിയാക്കി വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയ ആദ്യ മുഖ്യമന്ത്രിയാണ് 49കാരനായ യോഗി. ഇപ്പോൾ ഉത്തരാഖണ്ഡിലുള്ള പഞ്ചൂരിൽ 1972ലാണ്, അജയ് സിങ് ബിഷ്ട് എന്ന യോഗി ആദിത്യനാഥ് ജനിച്ചത്.
1990ൽ രാമക്ഷേത്ര നിർമാണ പ്രചാരണത്തിനായി വീടുവിട്ട യോഗി ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രാധിപനായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം യോഗി ക്ഷേത്രാധിപനായി. ഈ പദവി ഇപ്പോഴും കൈയാളുന്ന യോഗി, ഹിന്ദു യുവവാഹിനി എന്ന സംഘടനയും രൂപവത്കരിച്ചിരുന്നു. പിന്നീട് 26ാം വയസ്സിൽ ലോക്സഭാംഗമായി. നാലുതവണകൂടി ലോക്സഭാംഗമായ ശേഷമാണ് മുഖ്യമന്ത്രിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.