ബാബരി മസ്ജിദ് ബി.ജെ.പി വീണ്ടും വിഷയമാക്കുന്നു; യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിച്ചു
text_fieldsലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ സന്ദര്‍ശിക്ച്ചു. ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ആദിത്യനാഥിന്‍റെ അയോധ്യ സന്ദർശിച്ചുവെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് ആദിത്യനാഥ് അയോധ്യയിലെത്തുന്നത്.
ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ക്കെതിരെ പ്രത്യേക സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാകാന്‍ ലഖ്‌നോവിലെത്തിയ ബി.ജെ.പി നേതാക്കളെ ബൊക്കെയുമായാണ് ആദിത്യനാഥ് സ്വീകരിച്ചത്. ബാബരി മസ്ജിദ് കേസിൽ നേരിട്ട തിരിച്ചടിയെ വളരെ അവധാനതയോടെ കൈകാര്യം ചെയ്യാനാണ് ബി.ജെ.പി നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. തങ്ങളുടെ നേതാക്കൾ തെറ്റു ചെയ്യാത്തവരാണെന്നും അവർ കളങ്കരഹിതരായി തന്നെ തിരിച്ചുവരുമെന്നാണ് ബി.ജെ.പി നേതൃത്വം അണികളോട് ആവർത്തിച്ചു പറയുന്നത്.
ഇതിനിടെയാണ് യോഗി ആദിത്യനാഥിന്‍റെ അയോധ്യ സന്ദർശനം. 2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് ബി.ജെ.പി തങ്ങളുടെ പഴയ ആയുധമായ ബാബരി മസ്ജിദ്-അയോധ്യ പ്രശ്നം വീണ്ടും പൊട്ടിത്തട്ടിയെടുക്കുകയാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ പാർലമെന്‍റ് തെരഞ്ഞടുപ്പിൽ 80ൽ 71 പാർലമെന്‍റ് സീറ്റുകളും ബി.ജെ.പി കരസ്ഥമാക്കിയിരുന്നു. രണ്ടാം തവണയും പ്രധാനമന്ത്രി പദം നോട്ടമിടുന്ന മോദിക്ക് ഉത്തർപ്രദേശ് നിർണായകം തന്നെയാണ്.
അതിനിടെ, ബാബരി മസ്ജിദ് കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട കേന്ദ്രമന്ത്രി ഉമാഭാരതി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ നിയമവും ഭരണഘടനയും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.