മോദിയുടെ പിൻഗാമിയാവാൻ ‘ക്ഷേത്രപ്പൂട്ടുകൾ’ തുറന്ന് യോഗി; യു.പിയിലെങ്ങും ക്ഷേത്രങ്ങളുടെ ‘കണ്ടെത്തൽ’ പരമ്പര
text_fieldsലക്നോ: അയോധ്യക്കുശേഷം പുതിയ ക്ഷേത്ര-മസ്ജിദ് വിവാദങ്ങൾ പുറത്തെടുക്കരുതെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തർപ്രദേശിൽ എല്ലാ ദിവസവും ‘ഉപേക്ഷിക്കപ്പെട്ട’തെന്നോ ‘തകർത്തപ്പെട്ട’തെന്നോ ‘കൈയേറ്റം ചെയ്യപ്പെട്ട’തെന്നോ അവകാശപ്പെട്ട് ക്ഷേത്രങ്ങൾ ‘കണ്ടെത്തുകയും’ ‘നവീകരിക്കുകയും’ ചെയ്യുന്ന തിരക്കിലാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ പ്രവണത തുടരുമെന്ന് കരുതുന്നതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. നരേന്ദ്ര മോദിയുടെ പിൻഗാമിയായി പ്രധാനമന്ത്രിയാകാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോഹങ്ങൾക്ക് ഇത് അതീവ നിർണായകമാണ്.
ശനിയാഴ്ച ഫറൂഖാബാദിലെ മധോപൂർ ഗ്രാമത്തിലെ ആളൊഴിഞ്ഞ ശിവക്ഷേത്രത്തിന്റെ വാതിലുകൾ തുറന്ന് ഒരു സംഘം ഹിന്ദു മഹാസഭ അംഗങ്ങൾ ജലാഭിഷേക് (വിഗ്രഹത്തിന് വിശുദ്ധജലം കൊണ്ടുള്ള അഭിഷേകം) പ്രഖ്യാപിക്കുകയുണ്ടായി. നാലു പതിറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, മഹന്ത് ഈശ്വർ ദാസ് എന്ന പുരോഹിതൻ അതിൻമേൽ കൈയേറ്റം ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ഏതാനും വർഷങ്ങൾക്ക് മുമ്പ് ചില ഗ്രാമവാസികൾ ക്ഷേത്രം കയ്യേറി വൈക്കോൽ, ചാണകം, പിണ്ണാക്ക് എന്നിവ അടുക്കിവെക്കാൻ ഉപയോഗിച്ചുവെന്നും ഹിന്ദു മഹാസഭ അംഗങ്ങൾ അത് മോചിപ്പിക്കാൻ തന്നെ സഹായിച്ചുവെന്നുമാണ് ദാസിന്റെ വാദം.
രണ്ട് ദിവസം മുമ്പാണ് ലഖ്‌നൗവിലെ വിധാൻ സഭക്ക് സമീപമുള്ള മാർക്കറ്റ് കോംപ്ലക്‌സിന് താഴെ ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രം ‘കണ്ടെത്തി‘യെന്നവകാശപ്പെട്ട് ഒരു ഹിന്ദു സംഘടന രംഗത്തുവന്നത്. ‘1885ൽ ഗജരാജ് സിങ് നിർമിച്ചതാണിത്. എന്നാൽ, സമാജ് വാദി ഗുണ്ടകൾ 1992ൽ ഇതിന് ചുറ്റും അനധികൃതമായി മാർക്കറ്റ് കോംപ്ലക്‌സ് നിർമിച്ചു. വെള്ളിയാഴ്ച മുതിർന്ന ഉദ്യോഗസ്ഥരെ കണ്ട് കടകൾ പൊളിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു’വെന്ന് മുമ്പ് അധികമൊന്നും അറിയപ്പെടാത്ത ബ്രാഹ്മണ സൻസദ് നേതാവ് അമർനാഥ് മിശ്ര പറഞ്ഞു. 1992നു മുമ്പ് ക്ഷേത്രത്തിൽ ശിവന്റെയും രാധാ-കൃഷ്ണന്റെയും വിഗ്രഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവ തകർന്നുപോയെന്നും മിശ്ര ആരോപിച്ചു. എന്നാൽ, താൻ ഒരു ക്ഷേത്രത്തിലും അതിക്രമിച്ചു കയറിയിട്ടില്ലെന്നും അത് എല്ലായ്പ്പോഴും ബേസ്മെന്റിൽ തന്നെ ഉണ്ടായിരുന്നുവെന്നും കെട്ടിടത്തിന്റെ ഉടമ സെയ്ദ് ഹുസൈൻ പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി ഞാൻ എല്ലാ വൈകുന്നേരവും ഈ ക്ഷേത്രത്തിൽ ആരാധന നടത്തുന്നു. ഞങ്ങൾ (ഭക്തർ) ചേർന്ന് ഒരു പതിറ്റാണ്ട് മുമ്പ് ഇത് നവീകരിച്ചു. ശിവന്റെയും കൃഷ്ണ-രാധയുടെയും വിഗ്രഹങ്ങൾ ഇവിടെത്തന്നെയുണ്ടെന്നും പ്രദേശത്തെ ഭക്തനായ രജനിഷ് ശുക്ല പറഞ്ഞു. കൈയേറ്റം ആരോപിക്കുന്നവർ ഒരിക്കലും ഇവിടെ ആരാധനക്കായി വന്നിട്ടില്ലെന്നും എന്നാൽ അവരിപ്പോൾ ക്ഷേത്രം ഏറ്റെടുക്കാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തർപ്രദേശിലെ ക്ഷേത്രങ്ങളുടെ ഈ ‘കണ്ടെത്തൽ’ പരമ്പരകളാണ് ഡിസംബർ പകുതിയോടെ ആർ.എസ്.എസ് മേധാവിയുടെ പുണെയിൽനിന്നുള്ള മുന്നറിയിപ്പിന് പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മുഗൾ കാലഘട്ടത്തിലെ സംഭൽ ജുമാ മസ്ജിദ് ക്ഷേത്രം തകർത്ത് നിർമിച്ചതാണെന്ന അവകാശവാദവുമായി കോടതിയെ സമീപിക്കുന്ന ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രവണതയിൽ മോഹൻ ഭഗവത് നെറ്റിചുളിച്ചിരുന്നു. ഇന്ത്യക്ക് ഐക്യത്തോടെ ജീവിക്കാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാൽ, സനാതന ധർമം ‘ഭാരതത്തിന്റെ ദേശീയ മതം’ ആണെന്ന് അവകാശപ്പെട്ട് ആദിത്യനാഥ് ഉടൻ തിരിച്ചടിച്ചു. ‘പണ്ട് സനാതന ധർമത്തിന്റെ ചിഹ്നങ്ങളെ ദ്രോഹിച്ചവർ ആരായിരുന്നു’വെന്ന് അയോധ്യ, വാരണാസി, മഥുര, സംഭൽ എന്നിവിടങ്ങളിലെ മസ്ജിദ്-ക്ഷേത്ര വിവാദങ്ങളെ പരാമർശിച്ചുകൊണ്ട് യോഗി ചോദിച്ചു. യോഗിയുമായുള്ള അടുപ്പത്തിനു പേരുകേട്ട ഉത്തർപ്രദേശിലെ നിരവധി സന്യാസിമാരും ഭഗവതിനെതിരെ സംസാരിച്ചു.
സംസ്ഥാനത്തെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് സ്ഥാപിക്കുന്നതിലൂടെ 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടർമാരെ ഒന്നിപ്പിക്കാൻ ആദിത്യനാഥിന് സാധിക്കും. ആ വിജയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സ്വയം ഉറപ്പിക്കാനും യോഗിക്ക് കഴിയും -പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു രാഷ്ട്രീയ നിരീക്ഷകൻ പറഞ്ഞു.
സംഭലിലെ ജുമാ മസ്ജിദ് ക്ഷേത്രം തകർത്ത് നിർമിച്ചതാണെന്ന് അവകാശപ്പെടുന്ന ഹരജിയിൽ, കോടതി ഉത്തരവ് പ്രകാരം നടന്ന സർവേക്കിടെ നവംബർ 24ന് നാല് പേരെ കൊലപ്പെടുത്തിയ സംഘർഷത്തിലേക്ക് നയിച്ച അക്രമത്തിനുശേഷമാണ് വലിയ തോതിലുള്ള ക്ഷേത്ര ‘കണ്ടെത്തലുകൾ’ ആരംഭിച്ചത്. പടിഞ്ഞാറ് ഗാസിയാബാദ് മുതൽ കിഴക്ക് ജൗൻപൂർ വരെ പ്രാദേശിക ഭരണകൂടങ്ങളുടെ ആവേശകരമായ പിന്തുണയോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹിന്ദുത്വ ഗ്രൂപ്പുകൾ ‘ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങൾ’ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബുലന്ദ്ഷഹറിലെ ഖുർജ പട്ടണത്തിലെ സൽമ ഹകൻ മൊഹല്ലയിലെ ഒരു ശിവക്ഷേത്രവും ഇതിൽ ഉൾപ്പെടുന്നു. 1990ൽ അയോധ്യാ പ്രസ്ഥാനം സൃഷ്ടിച്ച വർഗീയ കലാപത്തെത്തുടർന്ന് നാടുവിടാൻ നിർബന്ധിതരാകുന്നതിനുമുമ്പ് ദലിത് വിഭാഗമായ ജാദവുകൾ പ്രദേശത്തെ പ്രബല ജനവിഭാഗമായിരുന്നുവെന്ന് സംഘ്പരിവാർ അവകാശപ്പെടുന്നു. ക്ഷേത്രം നവീകരിച്ച ശേഷം പൂജ പുനഃരാരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഏകോപനത്തിൽ പ്രവർത്തിക്കുന്ന ജാദവ് വികാസ് മഞ്ച് പ്രസിഡന്റ് കൈലാഷ് ഭഗ്മൽ ഗൗതം പറഞ്ഞു. ‘സ്ഥലം ഞങ്ങൾ നവീകരിക്കു’മെന്ന് ഖുർജ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ദുർഗേഷ് സിങ്ങും പറഞ്ഞു.
ഡിസംബർ 24ന്, ഔറംഗബാദിൽ 120 വർഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തിയെന്ന് പറഞ്ഞ് ബി.ജെ.പിയുടെ അമേത്തി ജില്ലാ ജനറൽ സെക്രട്ടറിയായ അതുൽ സിങ്, മുസാഫിർഖാന ഏരിയയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രീതി തിവാരിക്ക് അപേക്ഷ നൽകി. ‘ഇത് പണിതത് ജെതുറാം കോറിയാണ്. ഗണേഷ് തിവാരിയുടെ കുടുംബം പിന്നീട് അത് നോക്കിനടത്തി. എന്നാൽ, ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങൾ 40 വർഷം മുമ്പ് ഇത് കയ്യേറ്റം ചെയ്തു’വെന്ന് സിങ് ആരോപിച്ചു. ‘പരാതിയിൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്’ ഡിവിഷണൽ മജിസ്‌ട്രേറ്റ് തിവാരി പറഞ്ഞു.
ചന്ദൗസി പട്ടണത്തിലെ ലക്ഷ്മൺഗഞ്ച് പ്രദേശത്ത് 150 വർഷം പഴക്കമുള്ള ബങ്കെ ബിഹാരി ക്ഷേത്രം കണ്ടെത്തിയതായി സംഭലിലെ ഹിന്ദുത്വ ഗ്രൂപ്പുകൾ അവകാശപ്പെടുന്നു. 2010ലെ കലാപത്തിൽ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചതായാണ് അവരുടെ അവകാശവാദം. ‘അത്തരമൊരു സ്ഥലം കണ്ടെത്തിയതിൽ സന്തോഷമുണ്ട്. ഞങ്ങൾ അവിടെ ശിവന്റെയും കൃഷ്ണന്റെയും വിഗ്രഹങ്ങൾ കണ്ടെത്തി’യെന്നും ചന്ദൗസി തഹസിൽദാർ ധീരേന്ദ്ര കുമാർ സിങ് പറഞ്ഞു.
ജൗൻപൂർ പട്ടണത്തിലെ പാലത്തിന് താഴെ ഒരു കാളി ക്ഷേത്രം ‘കണ്ടെത്തി’യെന്ന അവകാശവാദവും ഉയർന്നിട്ടുണ്ട്. ‘മുഗളന്മാരും പിന്നീട് ബ്രിട്ടീഷുകാരും ഇത് തകർത്തു. ഹിന്ദുക്കൾ അവരുടെ ക്ഷേത്രങ്ങൾ തിരികെ ആവശ്യപ്പെടുന്നത് നല്ലതാണെ’ന്നാണ് ബി.ജെ.പി സഖ്യകക്ഷിയായ നിഷാദ് പാർട്ടി എം.എൽ.എ രമേഷ് സിങ് പറയുന്നത്.
അബിദ്പൂർ മങ്കി ഗ്രാമത്തിൽ ശിവലിംഗം കണ്ടെത്തിയതിന്റെ പേരിൽ അവിടെ നിന്ന് ശ്മശാനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു യുവവാഹിനി അംഗങ്ങൾ കഴിഞ്ഞ ആഴ്ച ആദ്യം ഗാസിയാബാദിലെ മോദിനഗറിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഡിസംബർ 24ന് സ്ഥലം സന്ദർശിക്കുകയും അവിടെ സേനയെ വിന്യസിക്കുകയും ചെയ്തു. ആദിത്യനാഥ് എം.പിയായിരുന്നപ്പോൾ ഹിന്ദു യുവവാഹിനി രൂപീകരിച്ചിരുന്നുവെങ്കിലും 2017ൽ മുഖ്യമന്ത്രിയായതിനുശേഷം അത് ഔദ്യോഗികമായി പിരിച്ചുവിട്ടിരുന്നു. എന്നാൽ അക്രമവും ഭീഷണിയുമടക്കം നിരവധി ആരോപണങ്ങൾ നേരിടുന്ന സംഘടന എല്ലാ ജില്ലയിലും പ്രവർത്തിക്കുന്നതായാണ് വിവരം.
‘ഒരു ദശാബ്ദം മുമ്പ് ശ്മശാനം വികസിപ്പിക്കുന്നതിന് മുമ്പ് വർഷങ്ങളോളം അവിടെ ഒരു ശിവലിംഗമുണ്ടായിരുന്നു. ശ്മശാനത്തിനു ചുറ്റും മതിൽ കെട്ടുന്നതിനിടയിൽ അവർ ശിവലിംഗം മറച്ചു. ശ്മശാനം നീക്കം ചെയ്യാൻ ഞങ്ങൾ സർക്കാറിനോട് ആവശ്യപ്പെടുന്നു’വെന്ന് യുവ വാഹിനിയുടെ നേതാവായ നീരജ് ശർമ പറഞ്ഞു. ഭക്തർക്ക് ശിവലിംഗത്തിലേക്കുള്ള വഴിയൊരുക്കുന്നതിനായി ശ്മശാനത്തിന്റെ മതിൽ നീക്കം ചെയ്യുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പൂജ ഗുപ്ത പറഞ്ഞു.
ഇക്കാലയളവിൽ തന്നെയാണ് മുസാഫർനഗറിലെ ലദ്ദാവാലയിൽ ശിവക്ഷേത്രം ‘വീണ്ടും തുറന്ന’ത്. 1992ലെ ബാബരി കലാപത്തിൽ ഹിന്ദുക്കൾ ഈ പ്രദേശം വിട്ടുപോയപ്പോൾ അത് അടച്ചുപൂട്ടിയെന്ന് അവകാശപ്പെടുന്ന ഹിന്ദുത്വ ഗ്രൂപ്പുകൾ ക്ഷേത്രത്തിൽ പൂജ ആസൂത്രണം ചെയ്തുവരികയാണ്. ‘ഞങ്ങൾ ഇവിടെ സുരക്ഷിതരല്ലെന്നും സേനയെ വിന്യസിക്കണ’മെന്നാണ് ലദ്ദാവാല സ്വദേശിയായ ലിയാഖത്ത് അലിയുടെ അഭ്യർഥന.
‘ആദിത്യനാഥിനെ തടയാൻ ഭഗവതിന് കഴിയില്ല. കാരണം സംഘത്തിനുള്ളിലെ പലരും ബി.ജെ.പി സർക്കാറുകളോട് കടപ്പെട്ടിരിക്കുന്നു. തന്റെ മുൻഗാമികൾ നിരസിച്ച സർക്കാർ സുരക്ഷ ഭഗവത് പോലും സ്വീകരിച്ചതായും’ ഒരു രാഷ്ട്രീയ നിരീക്ഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.