ഒരു മാഫിയകൾക്കും യു.പിയെ ഭീഷണിപ്പെടുത്താനാകില്ല, -അതീഖിന്റെ കൊലപാതകത്തിനു പിന്നാലെ അവകാശവാദവുമായി യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: എസ്.പി നേതാവ് അതീഖ് അഹ്മദിന്റെയും സഹോദരൻ അഷ്റഫിന്റെ കൊലപാതകങ്ങൾ നടന്ന് ദിവസങ്ങൾക്കുള്ളിൽ, മാഫിയകൾക്ക് മുന്നറിയിപ്പുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘സംസ്ഥാനത്തുള്ള ആരെയും ഇപ്പോൾ മാഫിയകൾക്ക് ഭീഷണിപ്പെടുത്താനാകില്ല. നേരത്തെ യു.പിക്ക് ഭീഷണിയായിരുന്നവർക്ക് ഇപ്പോൾ യു.പിയാണ് ഭീഷണി ഉയർത്തുന്നത്. 2017 ന് മുമ്പ് സംസ്ഥാനത്തെ ക്രമസമാധാന പാലനം ശരിയായ രീതിയിലായിരുന്നില്ല. അതിനു ശേഷം സംസ്ഥാനത്ത് നിയമ വാഴ്ചയുണ്ടായി. 2017 മുതൽ 2023 വരെ യു.പിയിൽ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. കർഫ്യൂവിന്റെ ആവശ്യവും വന്നിട്ടില്ല. -യോഗി ആദിത്യനാഥ് പറഞ്ഞു.
അതീഖിന്റെ മകൻ ആസാദ് കഴിഞ്ഞ ആഴ്ച പൊലീസ് ഏറ്റുമുട്ടലിൽ മരിക്കുകയും രണ്ടു ദിവസങ്ങൾക്കുള്ളിൽ അതീഖും സഹോദരനും പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ അവകാശ വാദം.
അതേസമയം, അതീഖ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും കത്തയച്ചിരുന്നു. ആ കത്തുകൾ വഴിയിലെത്തിയിട്ടേയുള്ളുവെന്നും അതിന്റെ ഉള്ളടക്കം അറിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭിാഷകൻ പറഞ്ഞു. താനല്ല കത്തയച്ചത്. അത് മുദ്രവെച്ച കവറിലായിരുന്നു. കൊല്ലപ്പെടുകയോ, അതുപോലുള്ള മറ്റെന്തെങ്കിലും ദുരന്തം സംഭവിക്കുകയോ ചെയ്യുകയാണെങ്കിൽ ഈ കത്ത് മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും അയക്കണമെന്ന് ആവശ്യപ്പെട്ട് അതീഖ് മറ്റൊരാളെ ഏൽപ്പിച്ചതാണ്. അതിന്റെ ഉള്ളടക്കം അറിയില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.