സന്ന്യാസിയുടെ സേവനശ്രമങ്ങൾ തടയുന്നവർ ശിക്ഷിക്കപ്പെടും -യോഗി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പൊലീസ് നടപടിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ വിമർശിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്. ഒരു സന്യാസിയുടെ നിരന്തര പൊതുക്ഷേമ സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവർ ശിക്ഷിക്കപ്പെടുമെന്ന് യോഗി ട്വിറ്ററിലൂടെ പ്രതികരിച്ചു.
രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവർക്കും പ്രീണനത്തിനായി രാഷ്ട്രീയത്തിലിറങ്ങിയവർക്കും സേവനമെന്ന ആശയം മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും യോഗി വിമർശിച്ചു. ‘ഭഗ്‌വാ മേം ലോക് കല്യാൺ’ (പൊതുജന നന്മ കാവിയിലൂടെ) എന്ന ഹിന്ദി ഹാഷ്ടാഗോടെയാണ് യോഗിയുടെ പ്രതികരണം.
‘പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവരാരോ അവർ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവർക്കോ, ആരെയെങ്കിലും പ്രീതിപ്പെടുത്താൻ വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ക്കോ സേവനത്തിെൻറ അർഥം മനസ്സിലാകില്ല.’ – യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്ച ലഖ്നോവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി ആദിത്യനാഥിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. ഹിംസാത്മക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കാവി വസ്ത്രം ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമർശനം. അക്രമത്തിനും ശത്രുതക്കും പ്രതികാരത്തിനും ഇന്ത്യയിൽ സ്ഥാനമില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.