യോഗി ഗംഗയിൽ സ്നാനം നടത്താതിരുന്നത് നദിയിലെ മാലിന്യത്തെ കുറിച്ച് അറിയുന്നതിനാൽ -അഖിലേഷ്
text_fieldsലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗയിൽ സ്നാനം നടത്താതിരുന്നത് നദിയിലെ മാലിന്യത്തെക്കുറിച്ച് ബോധ്യമുള്ളതിനാലാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പി ഗംഗയുടെ ശുദ്ധീകരണത്തിനായി കോടികൾ ചെലവഴിച്ചു. എന്നാൽ, യോഗി ആദിത്യനാഥിന് നദിയിലെ മാലിന്യത്തിന്‍റെ തോത് അറിയാം. അതിനാലാണ് യോഗി ഗംഗയിൽ ഇറങ്ങാതിരുന്നതെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
എപ്പോഴാണ് ഗംഗ ശുദ്ധീകരിക്കപ്പെടുകയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നദിയുടെ ശുദ്ധീകരണത്തിനായി കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നു. എന്നാൽ, നദി ഇനിയും മാലിന്യമുക്തമായിട്ടില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി വാരണാസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗയിലെ ലളിത് ഘാട്ടിൽ സ്നാനം നടത്തിയിരുന്നു. കാശിവിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിന് മുമ്പായിരുന്നു സ്നാനം. കാശവിശ്വനാഥ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് മോദി വാരണാസിയിലെത്തിയത്.
നേരത്തെ മോദിയുടെ കാശി സന്ദർശനത്തേയും അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു. 'ഇത് വളരെ നല്ലതാണ്. അദ്ദേഹത്തിന് (നരേന്ദ്രമോദി) അവിടെ ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം പോലും താമസിക്കാം. താമസിക്കാനുള്ള സ്ഥലമാണ് അവിടം. ആളുകൾ ബനാറസിൽ തങ്ങളുടെ അവസാന നാളുകൾ ചെലവഴിക്കുന്നു' -പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് അഖിലേഷ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.