യു.പി മുഖ്യമന്ത്രി കസേരയിൽ ഏറ്റവുംകൂടുതൽകാലം ഇരുന്ന മുഖ്യമന്ത്രിയാകാനൊരുങ്ങി യോഗി
text_fieldsലഖ്നോ: മാർച്ച് 25ന് ആറ് വർഷം പൂർത്തിയാക്കിയ യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയാകും. ഇതിന്‍റെ ആഘോഷം വ്യാപകമായി കൊണ്ടാടാൻ ഒരുങ്ങുകയാണ് യു.പി. മാർച്ച് 25 ആകുമ്പോൾ തുടർച്ചയായി ആറ് വർഷവും ആറ് ദിവസവും മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നതിന്റെ റെക്കോർഡ് യോഗി സ്വന്തമാക്കും.
നേരത്തെ, 1954 മുതൽ 1960 വരെ അഞ്ച് വർഷവും 345 ദിവസവും കോൺഗ്രസിലെ ഡോക്ടർ സമ്പൂർണാനന്ദ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തുടർന്നിരുന്നു. ഈ റെക്കോഡാണ് യോഗി തകർക്കുന്നത്. യോഗി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി, സംസ്ഥാന ജനറൽ സെക്രട്ടറി (സംഘടന) ധരംപാൽ സിംഗ് തുടങ്ങിയവർ ലഖ്നോവിൽ വാർത്താസമ്മേളനം നടത്തി ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പാർട്ടി ഭാരവാഹികളും പങ്കെടുക്കും.
തന്റെ സർക്കാരിന്റെ ആറ് വർഷത്തെ നേട്ടങ്ങളും കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായ മാറ്റങ്ങളും മുഖ്യമന്ത്രി അവതരിപ്പിക്കും. മെച്ചപ്പെട്ട ക്രമസമാധാന പാലനം മൂലം സംസ്ഥാനത്ത് രൂപപ്പെട്ട നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും തൊഴിലിനും സ്വയം തൊഴിലിനുമുള്ള അവസരങ്ങളെക്കുറിച്ചും യോഗി സംസാരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചുമതലയുള്ള മറ്റ്മന്ത്രിമാർ ജില്ലകളിൽ സമാനമായ വാർത്താസമ്മേളനം നടത്തും.
എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർ ഈ വാർത്താസമ്മേളനങ്ങളിൽ പങ്കെടുക്കും. 2022ൽ സംസ്ഥാന നിയമസഭയിൽ 255 സീറ്റുകൾ നേടിയാണ് ബി.ജെ.പി സംസ്ഥാനത്ത് രണ്ടാം തവണ അധികാരത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.