യു.പിയിൽ കോവിഡിനൊപ്പം യോഗിയുടെ താണ്ഡവം
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം യു.പിയെ നരകമാക്കിയതിനിടയിൽ വിമർശകർക്ക് നേരെ അധികാരദണ്ഡുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ താണ്ഡവം. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഓക്സിജൻ ക്ഷാമം, ചികിത്സ കിട്ടുന്നില്ല തുടങ്ങി 'തെറ്റായ' വിവരം പ്രചരിപ്പിക്കുന്ന ആശുപത്രി മാനേജ്മെൻറുകൾ അടക്കമുള്ളവർക്കെതിരെ ദേശീയ സുരക്ഷാനിയമമായ എൻ.എസ്.എ ചുമത്താനും സ്വത്ത് കണ്ടുകെട്ടാനും ആദിത്യനാഥ് ഉത്തരവിട്ടു. ഓക്സിജൻ ക്ഷാമംമൂലമുള്ള മരണം റിപ്പോർട്ട് ചെയ്യുന്ന ആശുപത്രികളിൽ അധികൃതർ എത്തി ഓക്സിജൻ ഓഡിറ്റ് നടത്തണം.
ഓക്സിജനോ െബഡിനോ പ്രയാസമില്ലെന്ന് പറയുന്ന യു.പി സർക്കാർ, സിദ്ദീഖ് കാപ്പന് ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച സുപ്രീംകോടതിക്ക് നൽകിയ വിശദീകരണം മറ്റൊന്നാണ്. യു.പിയിൽ ഒട്ടേറെ പേർക്ക് െബഡ് കിട്ടുന്നില്ലെന്ന് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചു.
ഉത്തരവാദപ്പെട്ട പല മാധ്യമ പ്രവർത്തകർക്കും െബഡ് കിട്ടാത്ത സ്ഥിതിയുണ്ടെന്ന് തനിക്ക് വ്യക്തിപരമായി അറിയാം. ഏറെ പ്രയാസപ്പെട്ടാണ് തങ്ങൾ ഒരു െബഡ് കാപ്പനുവേണ്ടി തരപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. യു.പിയിൽ സ്ഥിതി കൂടുതൽ മോശമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കടുത്ത നിയമവ്യവസ്ഥകളുമായി ആദിത്യനാഥ് വിമർശകരെ നേരിടുന്നത്. ഡൽഹിക്ക് സമാനമായ ഓക്സിജൻ, െബഡ് പ്രതിസന്ധിയാണ് യു.പിയും നേരിട്ടത്.
എന്നാൽ, റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകൾ കുറവാണ്. മരണസംഖ്യയും ഔദ്യോഗിക രേഖകളിൽ കുറവാണ്. പരിശോധന കേന്ദ്രങ്ങൾ നിശ്ചിത എണ്ണത്തിൽ കൂടുതൽ ടെസ്റ്റ് നടത്താൻ പാടില്ലെന്ന് നിർദേശമുണ്ട്. അത് എണ്ണം കുറച്ചുകാണിക്കാനുള്ള തന്ത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓക്സിജൻ ആവശ്യത്തിനുണ്ടായിട്ടും സംസ്ഥാന സർക്കാറിെൻറ പ്രതിച്ഛായ തകർക്കാൻ കള്ളം പ്രചരിപ്പിക്കുന്നുവെന്നാണ് യോഗിയുടെ പക്ഷം.
അതേസമയം, ഓക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിലേക്കുള്ള ടാങ്കറുകൾ യു.പിയിൽ പല ഭാഗത്തും തടഞ്ഞുനിർത്തി ചോർത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അധികൃതരുടെ അറിവോടെയാണിതെന്ന ആരോപണവും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.