യോഗിജി യു.പിയിലെ ‘മഹാരാജ്’, രജനികാന്ത് കാലിൽ വീണതിൽ തെറ്റില്ല -തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ
text_fieldsചെന്നൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ച് വിവാദത്തിലായ നടൻ രജനികാന്തിന് പിന്തുണയുമായി തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. യോഗിജിയോടുള്ള ആദരവ് പ്രകടിപ്പിക്കുക മാത്രമാണ് രജനികാന്ത് ചെയ്തതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
‘യോഗിജി ഗോരഖ്പൂർ മഠത്തിന്റെ തലവനാണ്. ഉത്തർപ്രദേശിലെ ജനങ്ങൾ അദ്ദേഹത്തെ മഹാരാജ് എന്നാണ് വിളിക്കുന്നത്. അപ്പോൾ രജനികാന്ത് അദ്ദേഹത്തിന്റെ കാലിൽ വീണതിൽ എന്താണ് തെറ്റ്?. ഒരാൾ മറ്റേയാളേക്കാൾ താഴ്ന്നവനാണെന്ന് അതിന് അർഥമില്ല. ഇത് രജനികാന്തിന് യോഗിജിയോടും അദ്ദേഹത്തിന്റെ ആത്മീയതയോടുമുള്ള ആദരവ് മാത്രമാണ് കാണിക്കുന്നത്. അദ്ദേഹം പ്രകടിപ്പിച്ചത് യോഗിജിയോടുള്ള സ്നേഹവും വാത്സല്യവുമാണ്’, അദ്ദേഹം പറഞ്ഞു. ഒരു പണിയുമില്ലാത്ത ചില രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും എല്ലാം വിമർശിക്കാൻ തുടങ്ങിയാൽ അവസാനമുണ്ടാകില്ല. തമിഴ്നാട്ടിലെ മന്ത്രിമാർ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കാലിൽ വീഴാറുണ്ടെന്നും ആരോപിച്ച അണ്ണാമലൈ, യോഗിയെ കണ്ട ശേഷം രജനികാന്ത് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും കണ്ടിട്ടുണ്ടെന്നും ഓർമിപ്പിച്ചു.
യോഗിയുടെ കാൽ തൊട്ട് വണങ്ങിയതിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സിനിമയിലെ സൂപ്പർ നായകൻ ജീവിതത്തിൽ ചെയ്തത് ഒട്ടും ശരിയായില്ലെന്നും ഇതിലൂടെ തമിഴ് ജനതയെയാണ് നടൻ അപമാനിച്ചതെന്നും വിമർശനമുണ്ടായി. ബി.ജെ.പിയുമായുള്ള രജനികാന്തിന്റെ കൂറാണ് ഇതിലൂടെ പുറത്തുവന്നതെന്നും ആക്ഷേപമുണ്ടായി. ‘പൂച്ച ബാഗിൽനിന്ന് പുറത്തുചാടി’ എന്നായിരുന്നു വിടുതലൈ ചിറുതൈകൾ കക്ഷി നേതാവ് തിരുമാവളവൻ ഇതിനെതിരെ പ്രതികരിച്ചത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം രജനികാന്ത് വിശദീകരണവുമായി എത്തിയിരുന്നു. 'യോഗിമാരുടെയും സന്യാസിമാരുടെയും കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നത് ചെറുപ്പം മുതലേയുള്ള എന്റെ ശീലമാണ്. അത് പ്രായത്തിൽ താഴെയുള്ള ആളാണെങ്കിൽ പോലും. അത് മാത്രമാണ് ഞാൻ ഇപ്പോഴും ചെയ്തത്'- രജനികാന്ത് ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.