
മഅ്ദനി അപകടകാരിയായ മനുഷ്യൻ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി സമർപ്പിച്ച ഹരജി മുന്നിലെത്തിയപ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ ചീഫ് ജസ്റ്റിസ് ആദ്യം തന്നെ ഈയൊരു ആമുഖത്തോടെ വാദത്തിന് തുടക്കമിട്ടത്.
എന്നാൽ ഈ വാദം ഖണ്ഡിച്ച മഅ്ദനിയുടെ അഭിഭാഷകൻ 2014ൽ ജാമ്യം ലഭിച്ച ശേഷം അദ്ദേഹത്തിനെതിര ഒരു പരാതി പോലുമില്ലെന്ന് പ്രതികരിച്ചപ്പോൾ അതറിയാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ മറുപടി.
കേരളത്തിൽ പോകാൻ സുപ്രീംകോടതി തന്നെ രണ്ട് തവണ അനുമതി നൽകിയതാണെന്ന് അഭിഭാഷകൻ രണ്ടാമതും ഖണ്ഡിചപ്പോഴും അറിയാം എന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.
ഇതിനിടെ താൻ അബ്ദുൽ നാസർ മഅദ്നിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി. രാമസുബ്രമണ്യൻ സംശയം പ്രകടിപ്പിച്ചു. അതോടെ അക്കാര്യം പരിശോധിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെട്ട് ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. ബെംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് അബ്ദുൽ നാസർ മഅദ്നിയുടെ അപേക്ഷ. നീണ്ട ആറു വർഷം കഴിഞ്ഞും വാദം കേൾക്കൽ പൂർത്തിയായില്ലെന്നത് മുൻനിർത്തിയാണ് ജാമ്യ വ്യവസ്ഥയിൽ മഅ്ദനി ഇളവ് ആവശ്യപ്പെട്ടത്. നിരവധി അസുഖങ്ങൾ വേട്ടയാടുന്നുവെന്നും ശാരീരിക അവസ്ഥ കൂടുതൽ മോശമായി വരികയാണെന്നും അദ്ദേഹം ബോധിപ്പിച്ചു. കസ്റ്റഡിയിലായ ശേഷം കൃത്യമായ ചികിത്സ പോലും നിഷേധിക്കപ്പെടുന്നതായും വലതു കണ്ണിന്‍റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടതായും കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.