‘നിങ്ങളൊരു സ്ത്രീയാണ്, നിങ്ങൾക്ക് എന്തെങ്കിലും അറിയുമോ?’; നിയമസഭയിൽ എം.എൽ.എക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി നിതീഷ് കുമാർ
text_fieldsപട്ന: നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആർ.ജെ.ഡിയിലെ രേഖ പാസ്വാനോടാണ് നിതീഷ് പൊട്ടിത്തെറിച്ചത്. നിങ്ങളൊരു സ്ത്രീയാണെന്നും നിങ്ങൾക്ക് എന്തെങ്കിലും അറിയുമോയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ബിഹാറിന്റെ പ്രത്യേക പദവിയും സംവരണവും ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ മുദ്രവാക്യമുയര്‍ത്തിയതോടെയാണ് നിതീഷ് രോഷാകുലനായത്.
‘നിങ്ങളൊരു സ്ത്രീയാണ്, നിങ്ങൾക്ക് എന്തെങ്കിലും അറിയുമോ? ഞാൻ അധികാരമേറ്റ ശേഷമാണ് ബിഹാറിൽ സ്ത്രീകൾക്ക് അർഹതപ്പെട്ടത് കിട്ടിത്തുടങ്ങിയതെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?’ -എന്നിങ്ങനെയായിരുന്നു നിതീഷ് പറഞ്ഞത്. ഇത് സഭക്കകകത്തും പുറത്തും പ്രതിഷേധത്തിനിടയാക്കി.
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള ബിഹാർ സർക്കാറിന്റെ നീക്കം കഴിഞ്ഞ മാസം പട്‌ന ഹൈകോടതി റദ്ദാക്കിയിരുന്നു. വിധിയിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും നിതീഷ് കുമാർ സഭയിൽ വിശദീകരിച്ചു. എന്നാൽ, ഇതിൽ തൃപ്തരാകാതെ പ്രതിപക്ഷം പ്രതിഷേധം തുടർന്നപ്പോഴാണ് നിതീഷ് കുമാർ വനിതാ എം.എൽ.എയോട് ക്ഷുഭിതനായത്.
ഇതോടെ പ്രതിപക്ഷ ബെഞ്ചുകളിൽനിന്ന് മുദ്രാവാക്യം വിളികൾ ഉയർന്നു. എന്നാൽ, എസ്.സി, എസ്.ടി, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉയർത്തുന്നതിലേക്ക് നയിച്ച ജാതി സർവേക്ക് താൻ മുൻകൈയെടുത്തതും സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്കായി തന്റെ സർക്കാർ ചെയ്ത കാര്യങ്ങളും ചൂണ്ടിക്കാട്ടി നിതീഷ് കുമാർ പ്രസംഗം തുടർന്നു.
ആർ.ജെ.ഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും നിതീഷ് കുമാറിനെതിരെ രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരെ നിരന്തരം അനുചിതമായും അനാവാശ്യമായും അപരിഷ്‍കൃതമായും തരംതാഴ്ന്ന രീതിയിലും മോശമായും സംസാരിക്കുന്നത് നിതീഷ് കുമാറിന്റെ ശീലമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പി വനിത എം.എൽ.എയുടെ സൗന്ദര്യത്തെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി മോശം പരാമർശം നടത്തിയിരുന്നു. രണ്ടുതവണ എം.എൽ.എയായ പട്ടികജാതിക്കാരിയായ രേഖ പാസ്വാനെക്കുറിച്ചാണ് ഇന്ന് അതേ രീതിയിൽ പ്രതികരിച്ചിരിക്കുന്നതെന്നും തേജസ്വി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.