'നിങ്ങൾക്കാണ് ഉത്തരവാദിത്തം'; 19കാരി കൂട്ടബലാത്സംഗത്തിരയായി കൊല്ലെപ്പട്ടതിൽ യോഗിക്കെതിരെ പ്രിയങ്ക
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായി 19കാരി മരിച്ച സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ കോണഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് അവർ കുറ്റപ്പെടുത്തി.
സെപ്റ്റംബർ 14നാണ് ദലിത് െപൺകുട്ടി അതിക്രൂരമായി ബലാത്സംഗത്തിനിരയായത്. ചൊവ്വാഴ്ച രാവിലെയോടെ പെൺകുട്ടി മരിച്ചു. നാവ് മുറിച്ച് മാറ്റിയതുൾപ്പെടെ ക്രൂരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടി രണ്ടാഴ്ചയായി അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു.
'ഹത്രാസിൽ പൈശാചിക ക്രൂരകൃത്യത്തിനിരയായ ദലിത് പെൺകുട്ടി സഫ്ദർജങ് ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി അവൾ മരണത്തിനും ജീവിതത്തിനുമിടയിൽ പോരാട്ടത്തിലായിരുന്നു' -പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
'യു.പിയിലെ ക്രമസമാധാന നില അങ്ങേയറ്റം തകർന്നു. സ്ത്രീകൾക്ക് യാതൊരുവിധ സുരക്ഷയുമില്ല. അക്രമികൾ പരസ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നു' -പ്രിയങ്ക ഗാന്ധി പറഞ്ഞു. പെൺകുട്ടിയെ കൊലപ്പെടുത്തിയവർക്ക് കഠിന ശിക്ഷ ഉറപ്പാക്കണം. യു.പിയിലെ സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥിനാണെന്നും അവർ പറഞ്ഞു.
അലിഗഢിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് വിദഗ്ധ ചികിത്സക്കായി ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു. സെപ്റ്റംബർ 14ന് വൈകീട്ട് കുടുംബാംഗങ്ങൾക്കൊപ്പം പുല്ലുവെട്ടാൻ പോയ പെൺകുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ് വയലിനരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ നാവ് കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷുമ്ന നാഡിക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ പൊലീസ് നടപടി എടുത്തില്ലെന്ന പരാതിയും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.