'സുപ്രീംകോടതിയോട് ആദരവില്ല, കേന്ദ്ര സർക്കാർ ക്ഷമ പരീക്ഷിക്കുന്നു'; വിവാദ ൈട്രബ്യൂണൽ നിയമത്തിൽ ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയോട് ഒട്ടും ആദരവില്ലെന്നും സർക്കാർ തങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിെൻറ രൂക്ഷ വിമർശനം.
കോടതി ഒരു നിയമം റദ്ദാക്കുേമ്പാൾ അത് മറ്റൊരു നിയമമായി കൊണ്ടുവരുകയാണെന്നും ഇെതാരു രീതിയായി മാറിയിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ഇൗയിടെ പാസാക്കിയ വിവാദ ട്രൈബ്യൂണൽ നിയമം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി വിമർശനം. രാജ്യമൊട്ടുക്കും ട്രൈബ്യൂണലുകളിൽ ഒഴിഞ്ഞുകിടക്കുന്ന പദവികൾ നികത്തുന്നതിന് കേന്ദ്ര സർക്കാറിന് ഒരാഴ്ച കൂടി കോടതി സമയം നൽകി. തങ്ങൾ അസ്വസ്ഥരാണെങ്കിലും കേന്ദ്രവുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു. സർക്കാർ തിരിച്ചും ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ (എസ്.ജി) തുഷാർ മേത്ത മറുപടിയായി പറഞ്ഞു.
സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ ഭരണഘടനാവിരുദ്ധമായി പാസാക്കിയ ട്രൈബ്യൂണൽ നിയമത്തിനെതിരെ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശ് നൽകിയ ഹരജിയിലാണ് സുപ്രീംകോടതി ഇടപെടൽ.
മൂന്ന് വഴികളേ ഇനി കോടതിക്ക് മുമ്പിലുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒന്ന്- കേന്ദ്ര സർക്കാർ വിവാദ ട്രൈബ്യൂണൽ നിയമം റദ്ദാക്കി നിയമനങ്ങളുമായി മുന്നോട്ടുപോകുക. രണ്ട്- ട്രൈബ്യൂണലുകൾ അടച്ചിടുക. മൂന്ന് - ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്തുക. ഇത് മൂന്നുമല്ലാത്ത വഴി കേന്ദ്ര സർക്കാറിനെതിരായ കോടതിയലക്ഷ്യ നടപടിയാണ് എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
സുപ്രീംകോടതി ആദ്യം നൽകിയ നിർദേശങ്ങൾ നടപ്പാക്കാതെ പുതിയ നിയമമുണ്ടാക്കാൻ ഉദ്യോഗസ്ഥർ പറഞ്ഞുകൊടുത്തേക്കാമെങ്കിലും എസ്.ജി പറഞ്ഞുകൊടുക്കില്ലെന്നാണ് കരുതുന്നതെന്ന് സുപ്രീംകോടതി തുടർന്നു. രണ്ട് മാസത്തിനകം നിയമനം നടത്താൻ ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്ന എസ്.ജിയുടെ പരാമർശം കോടതിയെ പ്രകോപിപ്പിച്ചു. രണ്ട് വർഷത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്ന പദവികൾ എന്തുകൊണ്ട് നികത്തിയില്ലെന്ന് കോടതി ചോദിച്ചു.
നിയമനം നടത്താതെ ട്രൈബ്യൂണലുകളെ ദുർബലപ്പെടുത്തുകയാണ് നിങ്ങൾ ചെയ്തതെന്നും ചീഫ് ജസ്റ്റിസ് തിരിച്ചടിച്ചു. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലും ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിലും നികത്താത്ത ഒഴിവുകൾ നിർണായകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സൈനിക ട്രൈബ്യൂണലുകളിലും ഉപഭോക്തൃ ട്രൈബ്യൂണലുകളിലും ഒഴിവുകളുണ്ട്. ജി.എസ്.ടി അപ്പലേറ്റ് ട്രൈബ്യൂണൽ ഉടൻ രൂപവത്കരിക്കാനും സുപ്രീംകോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.