‘ദലിതനാണെങ്കിൽ നിങ്ങൾക്ക് ബി.ജെ.പിയിൽ വളരാനാവില്ല’; കർണാടകയിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെ വിമർശനവുമായി പാർട്ടി എം.പി
text_fieldsബംഗളൂരു: ദലിതനാണെങ്കിൽ നിങ്ങൾക്ക് ബി.ജെ.പിയിൽ വളരാൻ അവസരം ലഭിക്കില്ലെന്ന് കർണാടകയിൽനിന്നുള്ള പാർട്ടി എം.പി രമേശ് ജഗജിനാഗി. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്രയെ ബി.ജെ.പി കർണാടക അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പാർട്ടിയിലെ മുതിർന്ന നേതാവിന്റെ ഒളിയമ്പ്. വിജയേന്ദ്രയെ തെരഞ്ഞെടുത്തത് കേന്ദ്ര നേതൃത്വമാണെന്നും സംസ്ഥാനത്തെ നേതാക്കളല്ലെന്നും അദ്ദേഹം വിജയപുരയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘നിങ്ങൾ ഒരു ദലിതനാണെങ്കിൽ ബി.ജെ.പിയിൽ നിങ്ങൾക്ക് വളരാൻ അവസരം ലഭിക്കില്ല. മറ്റ് സമ്പന്നരായ നേതാക്കളോ ഗൗഡമാരോ (വോക്കലിംഗകൾ) ഉണ്ടെങ്കിൽ, ആളുകൾ അവരെ പിന്തുണക്കുന്നു. പക്ഷേ, ഒരു ദലിതനുണ്ടെങ്കിൽ ആരും പിന്തുണക്കില്ല. ഇത് ഞങ്ങൾക്കറിയാം, ഇത് വളരെ നിർഭാഗ്യകരമാണ്’, അദ്ദേഹം പറഞ്ഞു.
നളിൻ കുമാർ കട്ടീലിന്റെ പിൻഗാമിയായാണ് ശിക്കാരിപുര എം.എൽ.എ കൂടിയായ വിജയേന്ദ്രയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിജയേന്ദ്ര ബുധനാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.