‘ഒറ്റ രാത്രികൊണ്ട് നിങ്ങൾക്ക് പൊളിക്കാനാവില്ല’; വീട് പൊളിച്ചുമാറ്റിയ സംഭവത്തിൽ യു.പി സർക്കാറിന് സുപ്രീംകോടതി വിമർശനം
text_fieldsന്യൂഡൽഹി: റോഡ് വീതി കൂട്ടാൻ ചട്ടം മറികടന്ന് സ്വകാര്യവ്യക്തിയുടെ വീട് പൊളിച്ചുമാറ്റിയ സംഭവത്തിൽ യു.പി സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി. സംഭവത്തിൽ ഉടമസ്ഥന് സർക്കാർ 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച കോടതി ബന്ധപ്പെട്ടവർക്കെതിരെ ക്രിമിനൽ കേസെടുക്കാനും യു.പി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഹരജിക്കാരന്റെ മാത്രമല്ല, പ്രദേശത്ത് ഇത്തരത്തിൽ പൊളിച്ച വീടുകളുടെ മുഴുവൻ വിശദാംശങ്ങൾ അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
നിയമനടപടികൾ പാലിക്കാതെയും ഒരു നോട്ടീസ് പോലും നൽകാതെയും ഒരാളുടെ വീട്ടിൽ കയറാനും തകർക്കാനും എങ്ങനെയാണ് സർക്കാറിന് അധികാരമുണ്ടാകുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. നിങ്ങൾക്ക് ബുൾഡോസറുമായി വന്ന് ഒറ്റ രാത്രികൊണ്ട് വീട് പൊളിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. വീട്ടുടമസ്ഥൻ നേരത്തെ റോഡ് നിർമാണത്തിലെ ക്രമക്കേടുകൾ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് പോലും നൽകാതെ വീടുപൊളിച്ചത്. സ്വകാര്യ സ്വത്ത് കൈകാര്യം ചെയ്യുമ്പോൾ നിയമം പാലിക്കേണ്ടതുണ്ട്. വീടുതകർത്തത് കടന്ന കൈയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.
2019ൽ യു.പിയിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. ദേശീയ മനുഷ്യാവകാശ കമീഷന്റെ (എൻ.എച്ച്.ആർ.സി) അന്വേഷണ റിപ്പോർട്ടിലും പ്രദേശത്തെ കെട്ടിടങ്ങളിൽ പലതും കൈയേറ്റമല്ലാതിരുന്നിട്ടുകൂടി പൊളിച്ചുനീക്കിയതായി കണ്ടെത്തിയിരുന്നു. റോഡുകളുടെ വീതി കൂട്ടുമ്പോൾ സംസ്ഥാനങ്ങൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ചൂണ്ടിക്കാണിക്കുന്ന വിധിയുടെ പകർപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കൈമാറാനും കോടതി രജിസ്ട്രാറോട് നിർദേശിച്ചു.
സുപ്രീംകോടതിയുടെ നിർദേശങ്ങൾ
- റോഡിന്റെ നിലവിലെ വീതി കൃത്യമായി തിട്ടപ്പെടുത്തണം
- കൈയേറ്റം കണ്ടെത്തിയാൽ നീക്കം ചെയ്യാൻ നോട്ടീസ് നൽകണം
- വിസമ്മതിച്ചാൽ ചർച്ച നടത്തുകയും നീതിനിഷ്ഠമായ തീരുമാനം ഉറപ്പാക്കുകയും വേണം
- കൈയേറ്റം നീക്കം ചെയ്യാൻ (കൈയേറ്റക്കാരന്) ന്യായമായ സമയം നൽകണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.