'നിങ്ങൾ ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് ട്രസ്റ്റ് ഉണ്ടാക്കിയത്'; നാവുചുഴറ്റി മന്ത്രി ഠാകുർ, ഒടുവിൽ ഖേദപ്രകടനം
text_fieldsന്യൂഡൽഹി: ധനകാര്യ സഹമന്ത്രി അനുരാഗ് ഠാകുർ നെഹ്റു, ഗാന്ധി കുടുംബത്തിനെതിരെ നടത്തിയ പരാമർശങ്ങളും അതിനു കോൺഗ്രസ് അംഗങ്ങൾ നൽകിയ മറുപടിയും സൃഷ്ടിച്ച ഒച്ചപ്പാടുമൂലം നാലുവട്ടം ലോക്സഭ സ്തംഭനം. ഒടുവിൽ മന്ത്രിയുടെ ഖേദപ്രകടനം. കോവിഡ്കാല പാർലമെൻറ് സേമ്മളനം ഇതാദ്യമായാണ് തടസപ്പെട്ടത്.
പി.എം കെയേഴ്സിനെക്കുറിച്ച ന്യായീകരണങ്ങളാണ് മന്ത്രിയുടെ വിവാദ പരാമർശങ്ങളിലേക്ക് എത്തിയത്. ഹൈകോടതികൾ മുതൽ സുപ്രീംകോടതിവരെ പി.എം കെയേഴ്സ് ഫണ്ടിെൻറ സാധുത അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പി.എം കെയേഴ്സിനെക്കുറിച്ച് പറയുന്നവർ പ്രധാനമന്ത്രിയുടെ പേരിലുള്ള ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് നോക്കുക. 1948ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രാജവിളംബരം പോലെ കൊണ്ടുവന്നതാണത്. ഇന്നുവരെ അത് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നിട്ട് വിദേശ സംഭാവന ചട്ട പ്രകാരമുള്ള അംഗീകാരം എങ്ങനെ കിട്ടി. ട്രസ്റ്റ് രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റാണ് പി.എം കെയേഴ്സ്.
രാജ്യത്തെ 130 കോടി ജനങ്ങൾക്ക് വേണ്ടിയാണത്. നിങ്ങൾ ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് ട്രസ്റ്റ് ഉണ്ടാക്കിയത്. നെഹ്റുവും സോണിയ ഗാന്ധിയുമൊക്കെയാണ് പ്രധാനമന്ത്രിയുടെ പേരിലുള്ള ദേശീയ ദുരിതാശ്വാസ നിധിയിലെ അംഗങ്ങൾ. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് അനുരാഗ് ഠാകുർ പറഞ്ഞു.
മന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് അംഗങ്ങൾ ചാടിയെഴുന്നേറ്റു. ഹിമാചലിൽനിന്നുള്ള ഈ പയ്യന് എന്തറിയാമെന്ന് കോൺഗ്രസിെൻറ സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി ചോദിച്ചു. ഇതിനെതിരെ ഭരണപക്ഷവും രോഷാകുലരായി. അനുരാഗ് ഠാകുർ മാപ്പുപറയണമെന്ന ആവശ്യം കോൺഗ്രസ് ശക്തമാക്കിയതിനെ തുടർന്ന് സഭ നിർത്തിവെച്ചു.
വീണ്ടും രണ്ടുവട്ടം ചേർന്നപ്പോഴും ബഹളം തുടർന്നു. സ്പീക്കർ ഓം ബിർള അനൗപചാരികമായി വിളിച്ച നേതാക്കളുടെ യോഗത്തിലാണ് ഒത്തുതീർപ്പ് ഉണ്ടായത്. വീണ്ടും സഭ േചർന്നപ്പോൾ അനുരാഗ് ഠാകുർ ഖേദപ്രകടനം നടത്തി. തെൻറ വാക്കുകൾ ആരെയെങ്കിലും മുറിവേൽപിച്ചെങ്കിൽ വേദനയുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനു ശേഷമാണ് സമ്മേളനം സമാധാനപൂർവം നടന്നത്.
ഡൽഹി വംശീയാതിക്രമം ആളിക്കത്തിക്കാൻ അനുരാഗ് ഠാകുറിെൻറ പരാമർശം വഴിയൊരുക്കിയെന്ന ആരോപണം നേരത്തെയുണ്ട്. വഞ്ചകരെ വെടിവെക്കണമെന്നായിരുന്നു ജനക്കൂട്ടത്തിനു മുമ്പിൽ മന്ത്രി നടത്തിയ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.