ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല; എം.പിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ബി.ജെ.പി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തതിന് എം.പിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ബി.ജെ.പി. എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹക്കാണ് നോട്ടീസ് നൽകിയത്. പാർട്ടി പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സിൻഹ പങ്കെടുത്തില്ലെന്നും ആരോപണമുണ്ട്. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ്. മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹയുടെ മകനാണ് ജയന്ത് സിൻഹ. ജയന്തിന്റെ മകൻ ആശിഷ് സിൻഹ കഴിഞ്ഞയാഴ്ച ഇൻഡ്യ സഖ്യ റാലിയിൽ പങ്കെടുത്തിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ജയന്ത് സിൻഹ മാർച്ചിൽ തന്നെ അറിയിച്ചിരുന്നു. തുടർന്ന് ഝാർഖണ്ഡിലെ ഹസാരിബാഗ് സീറ്റിൽ മനീഷ് ജയ്സവാളിനെ സ്ഥാനാർഥിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും വോട്ട് ചെയ്യാതിരിക്കുകയും ചെയ്തതിലൂടെ ജയന്ത് സിൻഹ പാർട്ടിയെ അപമാനിച്ചുവെന്ന് കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബി.ജെ.പി ജനറൽ സെക്രട്ടറി ആദിത്യ സാഹുവാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇതുവരെ സിൻഹ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിട്ടില്ല. മാർച്ച് രണ്ടിന് എക്സിലെ പോസ്റ്റിലൂടെയാണ് തനിക്ക് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം അറിയിച്ചത്.
കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാനാണ് തനിക്ക് താൽപര്യമെന്നായിരുന്നു സിൻഹ പറഞ്ഞത്. സ്ഥാനാർഥിത്വത്തിൽ തന്നെ ഒഴിവാക്കണമെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.