'ട്വിറ്ററിൽ മറുപടി നൽകാമെങ്കിൽ കോടതിയിലും നൽകാം'; നവാബ് മാലിക്കിനോട് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം
text_fieldsമുംബൈ: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പിതാവ് ധ്യാൻദേവ് വാങ്കഡെ നൽകിയ അപകീർത്തി പരാതിയിൽ മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലികിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ചൊവ്വാഴ്ചക്കകം സത്യവാങ്മൂലം നൽകണം. കേസ് ബുധനാഴ്ച പരിഗണിക്കും.
നവാബ് മാലിക് ഇന്ന് രാവിലെയും പരാതിക്കാരനെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന് ധന്യദേവ് വാങ്കഡെയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.നവാബ് മാലിക്കിന് ട്വിറ്ററിൽ മറുപടി നൽകാമെങ്കിൽ കോടതിയിലും മറുപടി നൽകാമെന്ന് ജസ്റ്റിസ് മാധവ് ജംദാർ നിർദേശിച്ചു. അതേസമയം, ധ്യാൻദേവിനെതിരായ നവാബ് മാലിക്കിന്‍റെ അഭിപ്രായ പ്രകടനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന നടപടി കോടതി കൈക്കൊണ്ടിട്ടില്ല.
തന്നെയും കുടുംബത്തെയും മകൻ സമീർ വാങ്കഡെയെയും സമൂഹമാധ്യമങ്ങളിലൂടെയും വാർത്തസമ്മേളനങ്ങളിലൂടെയും അപമാനിച്ചെന്ന് കാട്ടി 1.25 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ധ്യാൻദേവ് വാങ്കഡെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രസ്താവനകളിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസിന് പിന്നാലെയാണ് നവാബ് മാലിക്കും സമീർ വാങ്കഡെയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായത്. സമീർ വാങ്കഡെ മുസ്ലിമാണെന്നും ജോലി കിട്ടാൻ വേണ്ടി ഹിന്ദുവാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു. സമീർ വാങ്കഡെ ബി.ജെ.പി ഏജന്‍റാണെന്നും ആര്യൻ ഖാനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ആരോപണം വന്നു. എന്നാൽ, ഇവയെല്ലാം നിഷേധിച്ച് സമീർ വാങ്കഡെ പ്രസ്താവനയിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.