'നിങ്ങൾ നടത്തുന്നത് ബനാന റിപബ്ലിക് ചാനൽ'; അർണബിനെ കടന്നാക്രമിച്ച് രാജ്ദീപ് സർദേശായി
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ രണ്ട് പ്രമുഖ മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായിയും അർണബ് ഗോസാമിയും തമ്മിലെ വാക്യുദ്ധം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. അർണബ് ബനാന റിപബ്ലിക് ചാനലാണ് നടത്തുന്നതെന്ന് പറഞ്ഞാണ് ഇന്ത്യടുഡേ ചാനലിലെ പ്രൈംടൈം ഡിബേറ്റിൽ സർദേശായി കടന്നാക്രമിച്ചത്.
ബോളിവുഡ് താരം സൽമാൻഖാനെ ലക്ഷ്യംവെച്ച് അർണബ് റിപബ്ലിക് ചാനലിൽ നടത്തുന്ന ആക്രോശങ്ങൾ ചൂണ്ടിക്കാട്ടി 'കപിൽ ശർമ ഷോ' എന്ന പരിപാടിയിലെ കികു ശർദയും ക്രുഷ്ന അഭിഷേകും റോസ്റ്റിങ് നടത്തിയതിന് പിന്നാലെയാണ് സർദേശായിയുടെ പ്രതികരണം.
'ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, അർണബ് ഗോസ്വാമി നിങ്ങൾ ഒരു ബനാന റിപബ്ലിക് ചാനലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങൾ എന്താണോ ലക്ഷ്യമിടുന്നത് അതിനനുസൃതമായി മാധ്യമ വിചാരണ നടത്താനുള്ള ഒരു ചാനലാണ് നിങ്ങളുടേത്. നിങ്ങളിരിക്കുന്ന അത്രയും താഴേക്ക് മാധ്യമപ്രവർത്തനത്തെ കൊണ്ടുവരരുത്. ഇതാണ് എനിക്ക് നിങ്ങൾക്ക് തരാൻ കഴിയുന്ന ഏക ഉപദേശം. ഇതല്ല മാധ്യമപ്രവർത്തനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്' -സർദേശായി പറഞ്ഞു.
'നിങ്ങൾക്ക് എന്നെ പേര് പറഞ്ഞ് അപമാനിക്കണം. ഇന്ന് ഞാനും അതേ മാർഗം സ്വീകരിക്കുന്നു. കാരണം റേറ്റിങ് പോയൻറുകൾക്കായി ചാനലിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കണ്ട് രണ്ടര മാസത്തോളം ഞാൻ മിണ്ടാതിരുന്നു. ടി.ആ.പി പോയൻറുകളേക്കാൾ വലിയ ചില കാര്യങ്ങളുണ്ട് സുഹൃത്തേ, അതാണ് ടെലിവിഷൻ റെസ്പെക്ട് പോയൻറ്' -സർദേശായി കൂട്ടിച്ചേർത്തു.
ബോളിവുഡ് നടൻ സുശാന്ത് സിങ്ങിെൻറ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രബർത്തിയുമായി സർദേശായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു. എന്നാൽ, സുശാന്തിേൻറത് കൊലപാതകമാണെന്നും റിയയാണ് അതിന് ഉത്തരവാദിയെന്ന തരത്തിൽ വാർത്തകളും ചർച്ചകളും നടത്തിയ അർണബിന് ഇത് പിടിച്ചില്ല.
എൻ.ഡി.ടി.വിയിലെ തെൻറ പഴയ സഹപ്രവർത്തകനായ സർദേശായിയെ ഇക്കാരണം കൊണ്ട് അർണബ് ആക്ഷേപിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം സുശാന്തിെൻറ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഡോക്ടർ സുദീർഗുപ്ത വിധി എഴുതിയതോടെ അർണബ് നിരാശനായിരുന്നു. ടി.ആർ.പി റേറ്റിങ് താഴ്ന്നതിെൻറ പേരിൽ ഇന്ത്യടുഡേയെ അർണബ് മുമ്പ് ട്രോളുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.