'നാരീശക്തി'യെന്ന് പറയുന്നുണ്ടല്ലോ, ചെയ്തു കാണിക്കൂ; കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നിരന്തരം നാരീ ശക്തി എന്ന് പറയുന്നവർ അത് പ്രവൃത്തിയിൽ തെളിയിക്കണമെന്ന്, കോസ്റ്റ് ഗാർഡിൽ സ്ത്രീകൾക്ക് സ്ഥിര നിയമനം നൽകാത്തതുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി. മറ്റെല്ലാ അതിര്‍ത്തികളും പരിപാലിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെങ്കില്‍ തീരവും പരിപാലിക്കാന്‍ കഴിയുമെന്ന് കേസ് പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
സ്ത്രീകളെ തീരസംരക്ഷണ സേനയില്‍ സ്ഥിരമായി നിയമിക്കാതിരിക്കാന്‍ മാത്രം പുരുഷ കേന്ദ്രീകൃതമാക്കുന്നതെന്തിനാണെന്ന് ചോദിച്ച കോടതി, അസ്വാഭാവികമായ നിലപാടാണിതെന്നും വ്യക്തമാക്കി. നാവികസേനയെക്കാളും സൈന്യത്തെക്കാളും വ്യത്യസ്തമായാണ് കോസ്റ്റ് ഗാർഡ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജി നൽകിയ മറുപടി.
ശാരീരികമായ പരിമിതികളും സാമൂഹിക ചട്ടങ്ങളും സ്ഥിരനിയമനത്തിന് തടസ്സമാണെന്ന സര്‍ക്കാര്‍ വാദം തള്ളി വനിതകള്‍ക്ക് സൈന്യത്തില്‍ സ്ഥിരനിയമനം നല്‍കണമെന്ന് 2020ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന തുല്യ അവസരമെന്ന ആശയത്തിനും ലിംഗനീതിക്കും എതിരാണ് സര്‍ക്കാര്‍ നിലപാടെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുകയുണ്ടായി.
കോസ്റ്റ് ഗാർഡിൽ ഡ്രോണിയര്‍ വിമാനങ്ങളുടെ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പ്രിയങ്ക ത്യാഗിയാണ് സർക്കാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബറിൽ ഇവരുടെ സേവന കാലാവധി പൂര്‍ത്തിയായിരുന്നു. സ്ഥിരനിയമനത്തിന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.