കോവിഡ് മരണം പെയ്യുേമ്പാഴും പരിഭവം മറന്ന് സേവനമുഖത്ത് ഇളമുറക്കാർ
text_fieldsന്യൂഡൽഹി: മഹാദുരന്തമായി കോവിഡ് മരണം വർഷിക്കുന്ന നാളുകളിലൂടെ കടന്നുപോകുന്ന രാജ്യത്ത് ഏറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്ന വിഭാഗങ്ങളിൽ മുന്നിലാണ് ഡോക്ടർമാർ. എന്നിട്ടും വകവെക്കാതെ ആശുപത്രികളിൽ അവർ കർമനിരതരാകുേമ്പാൾ കരുത്തുപകർന്ന് ഇളമുറക്കാരും കൂട്ടായുണ്ട്. മുന്നിൽ നെഞ്ചുനീറുന്ന കാഴ്ചകൾ മാത്രമായിട്ടും പുതുതായി ആതുര ചികിത്സ രംഗത്ത് കാലെടുത്തുവെച്ചവർക്ക് പറയാനും പങ്കുവെക്കാനും അനുഭവങ്ങളേറെ.
കോവിഡ് ദേശീയ തലസ്ഥാന നഗരത്തിൽ ശരിക്കും താണ്ഡവമാടുന്ന നാളുകളിലൊന്നായിരുന്നു ഡോ. ശിഫാലി മാൻചന്ദ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഇേന്റൺഷിപ്പിന്റെ ഭാഗമായി സ്റ്റെതസ്കോപ് ആദ്യമായി കഴുത്തിലണിയുന്നത്. കൊണോട്ട് േപ്ലസിലെ സുചേത കൃപലാനി ആശുപത്രിയിലായിരുന്നു നിയോഗം. അവിടെ ചികിത്സ നൽകിയ ആദ്യ മണിക്കൂറുകൾക്കിടെ കൺമുന്നിൽ സംഭവിച്ചത് മൂന്ന് കോവിഡ് മരണങ്ങൾ.
''മാതാവിനെ വിളിച്ച് ഞാൻ ഒത്തിരി കരഞ്ഞു. മരണങ്ങൾ മാത്രമായിരുന്നില്ല പ്രശ്നം. രോഗികളുമായി വന്ന് കരഞ്ഞുതളർന്ന് അപേക്ഷിച്ച എത്രയോ പേരെ ഓക്സിജനും ബെഡുമില്ലാതെ മടക്കേണ്ടിവന്നു. ആദ്യ ദിവസങ്ങളിൽ ശരിക്കും കഠിനമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടുവരുന്നു''- ഡോ. ഷിഫാലി പറയുന്നു.
ഇത് അവരുടെ മാത്രം അനുഭവമല്ല. മെഡിക്കൽ കോളജുകളിൽ മെഡിക്കൽ പഠനം കഴിഞ്ഞ നൂറുകണക്കിന് പുതുതലമുറ ഡോക്ടർമാരെയാണ് കോവിഡ് ആശുപത്രികളിൽ വിന്യസിച്ചിരുന്നത്. കോവിഡ് വാർഡുകളിലും ഐ.സി.യുവിലുമായി ആദ്യ നാളുകൾ കഴിച്ചുകൂട്ടിയ അവർക്ക് ബാക്കിയായത് കണ്ണുനിറയുന്ന അനുഭവങ്ങൾ മാത്രം. ഒാക്സിജൻ അളവെടുത്തും മിടിപ്പ് പരിശോധിച്ചും രേഖകൾ ശരിപ്പെടുത്തിയും അവർ കാര്യങ്ങൾ നീക്കി. അവസാനം മരണ സർട്ടിഫിക്കറ്റും അവർ തന്നെ നൽകി.
മൗലാന ആസാദ് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോ. നൂർ ധലിവാലിന് ഡ്യൂട്ടി ലോക് നായക് ആശുപത്രിയിലാണ്. ഏപ്രിൽ 20നായിരുന്നു ജോലിക്കു കയറിയത്. പിന്നീട് കണ്ടതിലേറെയും ഉള്ളുലക്കുന്ന കാഴ്ചകളായിരുന്നുവെന്ന് ഡോ. നൂർ പറയുന്നു.
''എന്നെക്കാൾ പ്രായമേറെ ചെല്ലാത്ത ചെറുപ്പക്കാർ വൈറസിന് കീഴടങ്ങി പിടഞ്ഞുവീഴുന്നത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഒരിക്കൽ രോഗി മരിച്ച് അഞ്ചു മിനിറ്റിനകം ആ കട്ടിലിൽ മറ്റൊരു രോഗിയെത്തുന്നത് കണ്ടപ്പോൾ ഉള്ളുപിടഞ്ഞു''- ചണ്ഡിഗഢ് സ്വദേശിയായ ഡോക്ടർ ഓർക്കുന്നു.
കുട്ടികൾക്കായുള്ള കലവരി ശരൺ ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ലഭിച്ച ഡോ. ദീക്ഷ മൽഹോത്രക്ക് പറയാനുള്ളത് അതിലേറെ കടുത്ത നാളുകളുടെ വേദനകൾ. പരിചരിക്കാനുണ്ടായിരുന്നത് കോവിഡ് ബാധിതരായ കുഞ്ഞുങ്ങൾ. ''പലപ്പോഴും വല്ലാതെ പ്രയാസപ്പെട്ടു. പക്ഷേ, അതു തിരിച്ചറിഞ്ഞുതന്നെയായിരുന്നു ഇവിടെ ജോലി ഏറ്റെടുത്തത്''- ഡോ. ദീക്ഷയുടെ വാക്കുകൾ.
''ഒരു ദിവസം രാവിലെ ഓക്സിജൻ പരിശോധിക്കാൻ ചെന്നതായിരുന്നു. പൂജ്യത്തിലെത്തിനിൽക്കുന്നു. മിടിപ്പും ലഭിക്കുന്നില്ല. മുഖം തുറന്നുനോക്കിയപ്പോളറിഞ്ഞു, മരിച്ചുകിടക്കുകയാണ്. അതോടെ തകർന്നുപോയി''- ഹംദർദ് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിൽ മെഡിസിൻ പൂർത്തിയാക്കി അവിടെ സേവനം ചെയ്യുന്ന ഡോ. റിയാൻ നജ്മിക്ക് പറയാനുള്ളത് അതിലേറെ കടുപ്പമുള്ളത്.
മെഡിസിൻ പഠനം കഴിഞ്ഞ് ഫലം കാത്തിരിക്കുേമ്പാഴാണ് ഡോ. കാർതിക് യാദവിന് ആശുപത്രി ഡ്യൂട്ടി ലഭിക്കുന്നത്. ''ഇേന്റൺമാരിൽ പലരും നേരെ 'റെഡ് സോണി'ലാണ് നിയമിക്കപ്പെടുന്നത്. കടുത്ത പരിശീലനമാണ് ഇവിടെ ലഭിക്കുന്നത്. ബുദ്ധിമുേട്ടറെയാണെങ്കിലും കൈകാര്യം ചെയ്യാൻ ശീലിച്ചു''- ഡോ. കാർത്തികിന് പറയാനുള്ളതിതാണ്.
വിവിധ ആശുപത്രികളിൽ കോവിഡ് പോസിറ്റീവാകുന്ന ഡോക്ടർമാരുടെ നിരക്ക് അതിവേഗം ഉയരുേമ്പാഴാണ് ഇളമുറ ഡോക്ടർമാർ എല്ലാം സജീവമാക്കി രംഗത്തുള്ളത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിൽ സീനിയർ സർജൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു. മറ്റ് ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.