ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കുന്ന സൈനികരാവുക; വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് രാഹുൽ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിങ് ആരംഭിച്ചതിന് പിന്നാലെ ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ വിധിനിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അടുത്ത സർക്കാർ ചില ശതകോടീശ്വരൻമാരുടേതാവണോ അതോ 140 കോടി ജനങ്ങളുടേതാവണോയെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. എക്സിലെ പോസ്റ്റിലാണ് രാഹുലിന്റെ പ്രതികരണം.
രാജ്യത്തിലെ ചരിത്രപരമായ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടമാണിത്. അടുത്ത സർക്കാർ 140 കോടി ജനങ്ങളുടേതാവണോ അതോ ശതകോടീശ്വരൻമാരുടേത് ആവണോയെന്ന് തീരുമാനിക്കാനുള്ള അവസരമാണിത്. അതുകൊണ്ട് വീടിന് പുറത്തിറങ്ങി ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കുന്ന സൈനികരാവുകയെന്നതാണ് എല്ലാവരുടേയും ചുമതലയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെ വോട്ടിങ് ആരംഭിച്ചിരുന്നു. 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, കർണാടക, അസം, ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമബംഗാൾ, തൃപുര, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കെല്ലാം ഇന്ന് വോട്ടെടുപ്പ് നടക്കും. ജമ്മു മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. 1202 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നുവെന്ന പ്രത്യേകതയും ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിനുണ്ട്. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത് . കോൺഗ്രസിലെ മറ്റൊരു പ്രമുഖനായ ശശി തരൂരും രണ്ടാംഘട്ടത്തിലെ സ്ഥാനാർഥി പട്ടികയിലുണ്ട്. ഹേമമാലിനി, അരുൺ ഗോവിൽ എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന മറ്റ് പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.