മോദി ശക്തനാകുന്നതിന് കാരണം കോൺഗ്രസ്; രൂക്ഷ വിമർശനവുമായി മമത
text_fieldsപനജി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തിയാർജിക്കുന്നതിന് കാരണം കോൺഗ്രസാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഗോവ സന്ദർശനത്തിൻ്റെ അവസാന ദിവസത്തിലാണ് മമത കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. മോദിയും ബി.ജെ.പിയും ഇത്രയും ശക്തമായത് കോൺഗ്രസ് കാരണമാണെന്ന് മമത കുറ്റപ്പെടുത്തി. മോദിക്കും ബി.ജെ.പിക്കും കോൺഗ്രസ് വലിയ തോതിലുള്ള കുതിപ്പാണ് നൽകുന്നത്. ബി.ജെ.പിയുടെ ടെലിവിഷൻ റേറ്റിങ് ഉയർത്തുന്നത് കോൺഗ്രസാണ്. കോൺഗ്രസിൻ്റെ പിടിപ്പുകേടിൻ്റെ ഫലം എന്തിനാണ് രാജ്യം അനുഭവിക്കുന്നതെന്നും മമത ചോദിച്ചു.
കഴിവ് തെളിയിക്കുന്നതിന് കോൺഗ്രസിന് വേണ്ടതിലധികം അവസരം ലഭിച്ചിട്ടുണ്ട്. ബംഗാളിൽ ബി.ജെ.പിക്കെതിരെ മൽസരിക്കുന്നതിന് പകരം അവർ തനിക്കും തൻ്റെ പാർട്ടിക്കും എതിരായാണ് മൽസരിച്ചത്. പ്രാദേശിക പാർട്ടികളുടെ ശാക്തീകരണമാണ് തൻ്റെ ലക്ഷ്യം. സംസ്ഥാനങ്ങൾ ശക്തമാകുകയാണെങ്കിൽ കേന്ദ്രം ശക്തമാകുമെന്നും മമത പറഞ്ഞു.
ഗോവ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത. "ഗോവ ജയിക്കാനായാൽ നമുക്ക് ഇന്ത്യ ജയിക്കാനാകും' - മമത പറഞ്ഞു. ഗോവയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയ് സർദേശായിയുടെ പാർട്ടിയായ ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു ഗോവ ഫോർവേഡ് പാർട്ടി.
പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി മമത ബാനർജിക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. മോദിയുടെ ഇടനിലക്കാരൻ എന്നായിരുന്നു അധീർ രഞ്ജൻ ചൗധരി മമതയെ വിശേഷിപ്പിച്ചത്. കോൺഗ്രസിനെ എതിർക്കാൻ വേണ്ടി മമത ബാനർജി ബി.ജെ.പിയെ സഹായിക്കുകയാണെന്നും അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയായി പ്രവർത്തിക്കുകയാണെന്നുമായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ ആരോപണം. ഇതിന് മറുപടിയായാണ് മമത കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.