ബി.ജെ.പി നേതാവ് ഫട്നാവിസിന്റെ മരുമകന് മാനദണ്ഡം മറികടന്ന് വാക്സിൻ; പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബി.െജ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസിന്റെ മരുമകൻ കോവിഡ് വാക്സിൻ സ്വീകരിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന ആരോപണവുമായി പ്രതിപക്ഷം. മരുമകൻ തൻമയ് കോവിഡ് വാക്സിൻ സ്വീകരിച്ചതാണ് വിവാദമായത്.
കോവിഡ് വാക്സിൻ വിതരണത്തിന്‍റെ ആദ്യരണ്ടുഘട്ടങ്ങളിലും മുൻനിരപോരാളികൾക്കും 45 വയസിന് മുകളിലുള്ളവർക്കുമാണ് കോവിഡ് വാക്സിൻ നൽകിയത്. എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം മറികടന്ന് കുടുംബാംഗങ്ങൾക്ക് വാക്സിൻ ആദ്യം നൽകുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സ ആരോപിച്ചു.
'പ്രിയ ദേവേന്ദ്ര ഫട്നാവിസ്, നിങ്ങളുടെ മരുമകൻ തൻമയ് ഫട്നാവിന്റെ പ്രായം 45 വയസിന് മുകളിലാണോ? അല്ലെങ്കിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ അദ്ദേഹം എങ്ങനെ അർഹനായി. റെംഡെസിവിർ പോലെ, നിങ്ങളുടെ കുടുംബത്തിന് നൽകാൻ വാക്സിനും പൂഴ്ത്തിവെക്കുകയാണോ? ജനങ്ങൾ മരിച്ചുവീഴുന്നു. പലയിടങ്ങളിലും വാക്സിൻ ക്ഷാമം. പക്ഷേ ഫട്നാവിന്റെ കുടുംബം സുരക്ഷിതം' -ശ്രീവത്സ ട്വീറ്റ് ചെയ്തു.
തൻമയ് ഫട്നാവിസ് നിയമലംഘനം നടത്തുകയാണെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവർക്ക് മാത്യകയായി തൻമയ്യെ അറസറ്റ് ചെയ്യണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ആവശ്യപ്പെടുകയും ചെയ്തു.
'മോദിജി, 45 വയസിൽ താഴെയാണെങ്കിൽ പോലും ബി.ജെ.പി നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് ഏതു നിയമത്തിന്‍റെ കീഴിലാണ് വാക്സിൻ നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ശ്രീവത്സ ചോദിച്ചു.
തൻമയ് വാക്സിൻ സ്വീകരിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നതായും എന്നാൽ അദ്ദേഹം പിന്നീട് ചിത്രം ഒഴിവാക്കിയതായും ശ്രീവാസ്തവ പറഞ്ഞു.
എന്നാൽ, തൻമയ് ഫട്നാവിസ് ഒരു മുൻനിര പോരാളിയാണെന്നും അതിനാൽ പ്രായപരിധി മാനദണ്ഡമാക്കാതെ വാക്സിൻ സ്വീകരിക്കാമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിലർ ഉയർത്തിയ പ്രതികരണം. എന്നാൽ തൻമയ് ഒരു നടനാണെന്ന് ശ്രീവത്സ മറുപടി നൽകി.
'നടനും 45 വയസിൽ താളെയുമായ തൻമയ് ഫട്നാവിസ് വാക്സിൻ സ്വീകരിച്ചു. ഇത് സ്വജനപക്ഷപാതമല്ലേ. തൻമയ് ബോളിവുഡ് മാഫിയയുടെ ഭാഗമല്ലേ? ഫട്നാവിസിനെതിരെ പരാതി പറയാൻ നിങ്ങൾ ഗവർണറെയും മോദിജിയെയും കാണുമോ' - ബോളിവുഡ് താരം കങ്കണ റണാവത്തിനെ ടാഗ് ചെയ്ത് ശ്രീവത്സ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.