'അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ് കുന്നംപറമ്പിൽ മാറരുത്' -വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്
text_fieldsകോഴിക്കോട്: ശത്രുക്കളിൽനിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ് കുന്നംപറമ്പിൽ മാറരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ്. യു.ഡി.എഫ് പ്രവർത്തകർ ഏറെ നിരാശരായിരിക്കുന്ന സന്ദർഭത്തിൽ ഫിറോസ് ചില മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകൾ ബാലിശവും ദൗർഭാഗ്യകരവുമാണ്.
യു. ഡി. എഫിൽ അനൈക്യം എന്ന് ഫിറോസ് പറഞ്ഞത് തീർത്തും തെറ്റാണ്. തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യു. ഡി.എഫ് സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർഥിയാണ് ഫിറോസ്. ചാരിറ്റി പ്രവർത്തകൻ എന്നതിൽ കവിഞ്ഞ് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാതിരുന്നിട്ടും അദ്ദേഹം തവനൂരിൽ വന്നിറങ്ങിയത് മുതൽ കോൺഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. രാജാവിനു ചുറ്റുമിരുന്ന് മംഗള ഗാനം പാടുന്ന കൊട്ടാരം വിദൂഷകരുടെ പിടിയിൽനിന്ന് മോചിതനായിക്കൊണ്ട് ഫിറോസ് യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ പഠിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം
ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ് കുന്നംപറമ്പിൽ മാറരുത്.
യു.ഡി.എഫ് പ്രവർത്തകർ ഏറെ നിരാശരായ സന്ദർഭമാണിപ്പോൾ. ഫിറോസ് ഇന്ന് ചില മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകൾ തീർത്തും ബാലിശവും ദൗർഭാഗ്യകരവുമാണ്.
തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യു. ഡി.എഫിന്‍റെ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർഥിയാണ് ഫിറോസ്. ചാരിറ്റി പ്രവർത്തകൻ എന്നതിൽ കവിഞ്ഞ് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിനില്ല. എന്നിട്ടു പോലും അദ്ദേഹം തവനൂരിൽ വന്നിറങ്ങിയത് മുതൽ കോൺഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. യു. ഡി. എഫിൽ അനൈക്യം എന്ന് ഫിറോസ് പറഞ്ഞത് തീർത്തും തെറ്റായ വസ്തുതയാണ്. സജീവമായി പ്രവത്തിച്ച ഒരാളെന്ന നിലക്ക് എനിക്ക് ആധികാരികമായിത്തന്നെ അത് പറയാൻ കഴിയും.
ഫിറോസെന്ന വ്യക്തിക്കാണു ജനങ്ങൾ വോട്ട് നൽകിയത് എന്ന രൂപത്തിൽ അദ്ദേഹം സംസാരിച്ചു. ഫിറോസ് എന്ന വ്യക്തിയെ ഫേസ് ബുക്ക് ഉപയോഗിക്കുന്നവർക്കല്ലാതെ എത്ര പേർക്ക് അറിയാമെന്ന് ഫിറോസ് ചിന്തിക്കണം.
രാജാവിനു ചുറ്റുമിരുന്ന് മംഗള ഗാനം പാടുന്ന കൊട്ടാരം വിദൂഷകരുടെ പിടിയിൽനിന്ന് മോചിതനായിക്കൊണ്ട് ഫിറോസ് യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ പഠിക്കണം. പലതിൽ നിന്നും രക്ഷ നേടാൻ ഫിറോസിനു വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ കൊറോണക്കാലത്തും തവനൂരിലെ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടഭ്യർഥിച്ച, പോസ്റ്ററൊട്ടിച്ച, പണം ചെലവഴിച്ച യു. ഡി. എഫ് പ്രവർത്തകരെ ഒറ്റു കൊടുക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.