‘സെക്സിസ്റ്റ് മാൻ’ പരാമർശം: ബി.ജെ.പി നേതാവ് അമിത് മാളവ്യക്കെതിരെ നിയമ നടപടിയുമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
text_fieldsന്യൂഡൽഹി: ബി.ജെ.പി വക്താവ് അമിത് മാളവ്യക്കെതിരെ അപകീർത്തിക്കേസിന് നോട്ടീസ് അയച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. അമിത് മാളവ്യ, ശ്രീനിവാസിന്റെ ഒരു വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ‘സെക്സിസ്റ്റ് മാൻ’ എന്ന പരാമർശം നടത്തി. ഇതിനെതിരെയാണ് അപകീർത്തിക്കേസ് നൽകിയത്.
‘ഈ മര്യാദയില്ലാത്ത സെക്സിസ്റ്റ് മാൻ ആണ് ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ്. രാഹുൽ ഗാന്ധിയെ അമേത്തിൽ തോൽപ്പിച്ചു എന്നതുകൊണ്ട് മാത്രം, ഒരു വനിതാ മന്ത്രിയെ പറ്റി പറയുമ്പോൾ ഈ തരത്തിലാണ് പരാമർശം. നിരാശരായ കോൺഗ്രസ് ചെയ്യുന്നതെല്ലാം അബദ്ധമാണ്. -മാളവ്യ മാർച്ച് 27ന് ട്വീറ്റ് ചെയ്തു.
‘ലോകത്തിലെ ഏറ്റവും വലിയ വ്യാജ വാർത്താ ഫാക്ടറിക്കും അതിന്റെ മേധാവിക്കുമെതിരെ പോരാടുന്നതിന് ആന്റി മാർവെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’ - എന്നാണ് ശ്രീനിവാസ് മറുപടിയായി ട്വീറ്റ് ചെയ്തത്.
അഭിഭാഷകൻ മുഖേന നൽകിയ നോട്ടീസിൽ, ‘താൻ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് കീർത്തി കേട്ടയാളുമാണ് എന്ന് ശ്രീനിവാസ് ചൂണ്ടിക്കാട്ടുന്നു. ഓക്സിജൻ മാൻ ഓഫ് ഇന്ത്യ എന്നാണ് താൻ അറിയപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ താങ്കൾ നടത്തിയ പരാമർശങ്ങൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇത് നിയമത്തിലെ വിവിധ സെഷനുകളുടെ ലംഘനമാണ്. അമിത് മാളവ്യയും പാർട്ടിയിലെ മറ്റുള്ളവരും ചേർന്ന് തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. അതിനായി സമൂഹ മാധ്യമങ്ങളിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു.
ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെ മാപ്പു പറയുകയും തന്റെ ബന്ധുക്കളോട് മാപ്പു പറയുകയും ചെയ്യണമെന്നും അത് ചെയ്യാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കു’മെന്നും ശ്രീനിവാസ് നോട്ടീസിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.